എറണാകുളം ഡിടിപിസിയുടെ കേരളാ സിറ്റി ടൂർ ഭൂതത്താൻകെട്ടിലേക്കു പുതിയ ടൂർ പാക്കേജ് മെയ് ആദ്യം മുതൽ ആരംഭിച്ചു. വളരെ വ്യത്യസ്തവും വിനോദകരവുമായ ഈ പാക്കേജ് എല്ലാ ആഴ്ചയിലും കൊച്ചിയിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിൽ തന്നെ സമാപിക്കുന്നു. വെറും 950 രൂപക്ക് ഭൂതത്താൻകെട്ട്, തട്ടേക്കാട് തുടങ്ങിയ കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങൾ ഒറ്റക്കും കുടുംബത്തോടൊപ്പവും കൂട്ടായും സന്ദർശിക്കാം. ഗ്രൂപ്പ് ബുക്കിംഗ് റൂൾസ് അനുസരിച്ച് സ്‌പെഷ്യൽ ഡിസ്‌കൗണ്ട് ലഭ്യമാണ്. രാവിലെ 7 മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ടൂർ ഭൂതത്താൻകെട്ടിൽ രാവിലെ 9 മണിക്ക് എത്തും. രാവിലെ ഒരു മണിക്കൂർ ട്രക്കിങിലൂടെ കാടിന്റെ മനോഹാരിത ആസ്വദിക്കുന്നതിനോടൊപ്പം ട്രൈബൽ കോളനി നിവാസികളിലൂടെ കാടിനെപ്പറ്റി നേരിട്ടറിയാനും ആവശ്യമുള്ളവർക്കു ഭൂതത്താൻകെട്ടിൽ നീന്തിത്തുടിക്കുവാനും ഉള്ള അവസരവും ഉണ്ട്. ഓൾഡ് ഭൂതത്താൻകെട്ടും മറ്റ് അനുബന്ധ സ്ഥലങ്ങളും കണ്ടാസ്വദിക്കുന്നതിനോടൊപ്പം പെരിയാറിലൂടെ ബോട്ടിംഗിനും അവസരമൊരുക്കിയിരിക്കുന്നു.
പരമ്പരാഗതവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണത്തിനും ശേഷം തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് യാത്ര തുടരും. 500 ലധികം പക്ഷികളുടെ സാന്നിധ്യമുളള പക്ഷി സങ്കേതം കണ്ട് ആസ്വദിക്കാനും ഫോട്ടോഗ്രഫിക്കുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം വൈകിട്ട് 7 മണിയോടെ തിരിച്ചു കൊച്ചിയിൽ യാത്ര അവസാനിക്കും.
ഡിടിപിസിയുടെ മറ്റു പ്രധാന പാക്കേജുകളായ മൂന്നാർ, ആലപ്പുഴ, കൊച്ചി സിറ്റി ടൂർ, അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് എന്നിവയെ പോലെ തന്നെ വളരെ മിതമായ നിരക്കിലുള്ള ഈ പാക്കേജിലും എല്ലാ എൻട്രി ഫീസും ഗൈഡ് സർവീസും സോഫ്റ്റ് ഡ്രിങ്കും ഉച്ചഭക്ഷണവും എല്ലാ തരത്തിലുള്ള വിനോദ സഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂർ വെബ്‌സൈറ്റിലോ ബന്ധപ്പെടുക.