കേരള ടൂറിസമെന്നാൽ കോവളം മുതൽ കൊച്ചി വരെ എന്ന കാഴ്ചപ്പാട് മാറുകയായി. സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ പലതും കോവളം, തലസ്ഥാന നഗരി, തെക്കൻ കേരളത്തിലെ കായലുകൾ, കൊച്ചിയിലെ ചരിത്ര സ്മാരകങ്ങൾ എന്നിവയിൽ ഒതുങ്ങി നിൽക്കുന്നു.
എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ടൂറിസ്റ്റുകളെത്തിത്തുടങ്ങിയപ്പോൾ അതിന്റെ സ്വാഭാവിക ഗുണഭോക്താവായി വയനാട് ജില്ല മാറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ പാകത്തിൽ നിരവധി കാഴ്ചകളുണ്ട് ജില്ലയിൽ.
വയനാട്ടിലെ കാരാപ്പുഴ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി മാറുന്നു. കേരള ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിൽ മൂന്നാം ഘട്ട വികസന പ്രവൃത്തികൾ പുരോഗമിക്കുന്നു. ടൂറിസം വകുപ്പ് അനുവദിച്ച നാലു കോടി രൂപ വിനിയോഗിച്ച് വാച്ച് ടവറുകൾ, ലോട്ടസ് പോണ്ട്, ഫിഷിംഗ് ഡക്ക്, നടപ്പാതകൾ, ജനറൽ ലാൻഡ് സ്‌കേപിംഗ്, കുടിലുകൾ, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമാണമാണ് നടക്കുന്നത്.

കേന്ദ്ര സർക്കാർ അനുവദിച്ച രണ്ടു കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 5.21 കോടി രൂപയും ചെലവഴിച്ച് കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ് ടൂറിസം കേന്ദ്രത്തിൽ ഒന്നും രണ്ടും ഘട്ട പ്രവൃത്തികൾ നടത്തിയത്. 2017 മെയ് അഞ്ചിനാണ് ടൂറിസം കേന്ദ്രം ഔദ്യോഗികമായി സഞ്ചാരികൾക്ക് തുറന്നുകൊടുത്തത്.
2017 ജൂൺ 11 മുതൽ 2018 മാർച്ച് 31 വരെ 1,89,639 സഞ്ചാരികളാണ് കേന്ദ്രത്തിലെത്തിയത്. ഇതിൽ 41,762 പേർ കുട്ടികളാണ്. ഈ മാസം 24 വരെ 16,153 മുതിർന്നവരും 3932 കുട്ടികളും അടക്കം 20,085 പേരാണ് കാരാപ്പുഴ സന്ദർശിച്ചത്. പ്രദേശവാസികളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാണ് ടൂറിസം സെന്ററിന്റെ പരിപാലനം. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവേശനം. മുതിർന്നവർക്ക് മുപ്പതും 12 വയസ്സിനു താഴെയുള്ളവർക്ക് പത്തും രൂപയാണ് ടിക്കറ്റ് നിരക്ക്.

വിവിധോദ്ദേശ്യ പദ്ധതിയാണ് കാരാപ്പുഴ. ജലസേചനത്തിനായാണ് പദ്ധതി വിഭാവനം ചെയ്തത്. നിലവിൽ കുടിവെള്ള വിതരണത്തിനും അണയിലെ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്. ഡാം റിസർവോയറിൽനിന്നു കനാലുകളിലൂടെ 13.12 കിലോമീറ്റർ വെള്ളമെത്തുന്നുണ്ട്. ഇടതുകര കനാലിലൂടെ 6.10 കിലോമീറ്റർ വരെയും വലതുകര കനാലിലൂടെ 7.02 കിലോമീറ്റർ വരെയുമാണ് സ്ഥിരമായി ജലവിതരണം. കാരാപ്പുഴയിൽനിന്നു കൽപറ്റ മുനിസിപ്പാലിറ്റിയിലും കൃഷ്ണഗിരി, പുറക്കാടി വില്ലേജുകളിലും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. മേപ്പാടി, മൂപ്പൈനാട്, നൂൽപുഴ, മുട്ടിൽ പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലും ശുദ്ധജല വിതരണം കേരള വാട്ടർ അഥോറിറ്റി മുഖേന നടത്തുന്നതിനുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണ്.
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യക്കൃഷി വികസനത്തിനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പദ്ധതി പ്രദേശം സന്ദർശിച്ച് നിർദേശങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ 2018-19 ലെ സംസ്ഥാന ബജറ്റിൽ കാരാപ്പുഴയ്ക്ക് 13.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് തുടർപ്രവർത്തനങ്ങൾക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.

സഞ്ചാരികളെ ആകർഷിച്ച് ആറാട്ടുപാറ
അമ്പലവയൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട കുമ്പളേരിയിലുള്ള ആറാട്ടുപാറ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. ദിവസവും വിദ്യാർഥികളടക്കം നിരവധിയാളുകളാണ്
അതീവ പരിസ്ഥിതി, ചരിത്ര പ്രാധാന്യമുള്ള പ്രദേശത്തു സ്ഥിതിചെയ്യുന്ന ആറാട്ടുപാറയിൽ സന്ദർശനത്തിനെത്തുന്നത്. ഏഷ്യയിലെ റോക് ഗാർഡൻ എന്ന് അറിയപ്പെടുന്ന പാറ സമൂഹത്തിൽപെട്ടതാണ് ആറാട്ടുപാറ. മൂന്നു കിലോമീറ്റർ ആകാശ ദൂര പരിധിയിൽ സ്ഥിതിചെയ്യുന്ന ആറ് പാറകൾ ചേർന്നതാണ് റോക് ഗാർഡൻ. ഗതകാലത്തെ അളവുപാത്രമായ കൊളഗത്തിന്റെ ആകൃതിയിലുള്ള കൊളഗപ്പാറ, ചീങ്ങേരിപ്പാറ, എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തിപ്പാറ, മഞ്ഞപ്പാറ, ഫാന്റം റോക് ഉൾപ്പെടുന്ന മട്ടിപ്പാറ എന്നിവ റോക് ഗാർഡന്റെ ഭാഗമാണ്.
കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാതയിൽ മീനങ്ങാടി അൻപത്തിനാലിൽനിന്നു കുമ്പളേരിയിലൂടെ അമ്പലയലിലേക്കുള്ള വഴിയിൽ നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോഴെത്തുന്ന എ.കെ.ജി ജംഗ്ഷനിൽനിന്ന് റാട്ടക്കുണ്ടിലേക്കുള്ള ഗ്രാമപാതയിലൂടെ 10 മിനിറ്റ് നടന്നാൽ ആറാട്ടുപാറയുടെ ചുവട്ടിലെത്താം. 300 മീറ്ററായിരുന്നു കമാനാകൃതിയിയിലുള്ള ആറാട്ടുപാറയുടെ നീളം. സമുദ്രനിരപ്പിൽനിന്നു 3500 അടി ഉയരത്തിലാണിത്. ഏറ്റവും മുകളിൽ കിരീടം പോലെ കാണപ്പെടുന്ന മകുടപ്പാറ ആറാട്ടുപാറയെ കൂടുതൽ ആകർഷകമാക്കുന്നതാണ്. താഴ്‌വാരത്തുള്ള ചെറുതും വലുതുമായ മുനിയറകൾ പാറയ്ക്ക് ചരിത്രപ്രാധാന്യവും നൽകുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ടും ആറാട്ടുപാറ ഉൾപ്പെടുന്ന റോക് ഗാർഡന് പ്രാമുഖ്യമുണ്ട്. മെച്ചപ്പെട്ട വേനൽമഴയും തുലാവർഷവും തെക്കേ വയനാട്ടിൽ ലഭ്യമാക്കുന്നത് റോക് ഗാർഡനാണെന്നാണ് വിദഗ്ധമതം. പാറ സമുച്ചയമാണ് മഴക്കാറ്റിനെ തടഞ്ഞുനിർത്തി അന്തരീക്ഷത്തിൽ എയറിവെൽ (കിണർ) രൂപപ്പെടുത്തുകയും മഴ പെയ്യിക്കുകയും ചെയ്യുന്നതെന്ന് വിദഗ്ധർ പറയുന്നു.

വർഷങ്ങൾ മുൻപ് ഖനന ലോബി കണ്ണുവെച്ച ആറാട്ടുപാറ സർവനാശത്തിന്റെ വക്കോളം എത്തിയിരുന്നു. കിഴക്കേ അറ്റത്ത് മൂന്ന് ക്വാറികൾ പ്രവർത്തിച്ചതോടെ പാറയുടെ നീളം മൂന്നിലൊന്നായി കുറയുകയുണ്ടായി. റോക് ഗാർഡൻ ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാണ് ആറാട്ടുപാറയുടെ സംരക്ഷണത്തിനു വഴിയൊരുക്കിയത്. ആറാട്ടുപാറയും പരിസരവും ഇപ്പോൾ ഖനന നിരോധിത മേഖലയാണ്. അതിമനോഹരമാണ് ആറാട്ടുപാറയിൽനിന്നുള്ള പ്രകൃതി ദൃശ്യങ്ങൾ.