റിയാദ്- പരിസ്ഥിതി സൗഹൃദ വ്യോമയാന സംവിധാനത്തിന്റെ ഭാഗമായി നിയോം സിറ്റിയില്‍ ഗതാഗത സൗകര്യത്തിന് പറക്കും ടാക്‌സി പദ്ധതി നടപ്പാക്കുമെന്ന് സി.ഇ.ഒ എന്‍ജിനീയര്‍ നദ്മി അല്‍നസര്‍ അറിയിച്ചു. ഈജിപ്തിലെ ഷറമുല്‍ഷൈക്കില്‍ കാലാവസ്ഥ ഉച്ചകോടിയോടനുബന്ധിച്ച് നടന്ന സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പതിനഞ്ചോളം ഹെലികോപ്റ്ററുകള്‍ ഇവിടെ യാത്രക്കായി ഉപയോഗിക്കുന്നുണ്ട്. പദ്ധതി വിജയകരമാണെന്നും പറക്കും ടാക്‌സി വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ, വ്യാവസായിക ഉപഭോഗത്തിനായി പുനരുപയോഗ ജലസ്രോതസ്സുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ആന്റ് ക്ലീന്‍ എനര്‍ജി സെന്റര്‍ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.
സാങ്കേതികവിദ്യ കൈമാറ്റം ത്വരിതപ്പെടുത്താന്‍ ഒരു വ്യാവസായിക നഗരം രൂപപ്പെടുത്തുന്നതിന് പുറമെ പ്രകൃതി സംരക്ഷണവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള നവീകരണത്തിലും ഗവേഷണത്തിലും നിയോം സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയായ ദി ലൈന്‍ പദ്ധതി പ്രദേശത്തിന്റെ അഞ്ച് ശതമാനം ഭാഗത്ത് പത്ത് ലക്ഷം പേര്‍ താമസിക്കുമെന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് നഗരങ്ങളുടെ തുല്യ ജനസാന്ദ്രതയിലായിരിക്കും നഗരമെന്നും അദ്ദേഹം പറഞ്ഞു.