Sorry, you need to enable JavaScript to visit this website.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്‍ നേരത്തെയും ബലാത്സംഗ കേസില്‍ പ്രതി

കൊച്ചി-തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ അറസ്റ്റിലായ സി.ഐ പി.ആര്‍.സുനു നേരത്തെയും   ബലാത്സംഗ കേസില്‍ പ്രതി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ രണ്ട് കേസുകളുണ്ട്. കേസുകളില്‍ വകുപ്പു തല നടപടി കഴിയും മുമ്പാണ് വീണ്ടും സമാന കുറ്റകൃത്യത്തില്‍ പ്രതിയായത്.
മുളവുകാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബി.ടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു പിടിയിലായത്. സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെന്‍ട്രല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെയാണ് സുനു അറസ്റ്റിലായത്.
തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  പി.ആര്‍.സുനു അറസ്റ്റിലായത്. ഇന്‍സ്‌പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പോലീസ് കോഴിക്കോടെത്തി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനുവിനെ അറസ്റ്റ് ചെയ്തത്.
തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് സുനു ഉള്‍പ്പെടെയുളള ആറംഗ സംഘം തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് തൃക്കാക്കര സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസില്‍ ജയിലില്‍ കഴിയുകയാണ്. കേസില്‍ ക്ഷേത്ര ജീവനക്കാരന്‍ അടക്കം ആറ് പേര്‍ കേസില്‍ പ്രതികളാണ്.
റിമാന്‍ഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. മരട് സ്വദേശിയായ സുനു രണ്ട് കുട്ടികളുടെ അച്ഛനാണ്.  

 

Latest News