Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ മന്ത്രിയുടെ ഈ കുറിപ്പ് എന്തായാലും നമ്മള്‍ വായിക്കണം

തിരുവനന്തപുരം- കുടവയര്‍ കുറക്കണം എന്ന് ഉപദേശിച്ചയാളോട് ബോഡി ഷെയിമിങ് പാടില്ലെന്ന് തിരിച്ച് ഉപദേശിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരാള്‍ തനിക്കയച്ച കുറിപ്പും മറുപടിയും ഫെയ്‌സ്ബുക്കില്‍ മന്ത്രി വീണ്ടും പങ്കുവെച്ചു. ബോഡിഷെയിമിങ്ങിനെതിരായ സന്ദേശം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.

കുറിപ്പ് വായിക്കാം:

കഴിഞ്ഞ ദിവസം കരിങ്കുന്നം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ എന്റെയൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ഒരു വ്യക്തി 'വയറ് സ്വല്പം കുറക്കണം കേട്ടോ' എന്ന് കമന്റ് ഇട്ടിരുന്നു. ബോഡി ഷെയിമിങ്ങ് ആധുനിക കാലത്ത് ഹീനമായ കൃത്യമാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ മറുപടിയും കൊടുത്തിരുന്നു. എന്തൊക്കെ വ്യാഖ്യാനം കൊടുത്താലും ബോഡി ഷെയിമിങ്ങ് പ്രയോഗങ്ങള്‍ ഏറ്റവും മോശം തന്നെ. സ്‌നേഹത്തോടെ എന്ന മട്ടില്‍ ആണത് പറയുക. നമ്മുടെ സമൂഹത്തില്‍ നിരവധി തലങ്ങളില്‍ ഇത് നടക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങിന് ഇരയായി മാനസിക നില പോലും തകര്‍ന്ന നിരവധി പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ബോഡി ഷെയിമിങ്ങ്  നമ്മള്‍ അവസാനിപ്പിക്കണം എന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. നമുക്ക് ആധുനിക മനുഷ്യരാവാം.

എന്റെ വാട്‌സ്ആപ്പില്‍ ഒരു വ്യക്തി അയച്ച സന്ദേശം വ്യക്തിവിവരങ്ങള്‍ മറച്ചു വെച്ച് ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുകയാണ്. ബോഡി ഷെയിമിങ്ങ് മൂലം ഒരു കുട്ടിയ്ക്കുണ്ടായ പ്രയാസങ്ങള്‍ വിവരിക്കുകയാണ് ഈ സന്ദേശത്തില്‍.

സന്ദേശം ഇങ്ങനെ:

ഇന്ന് സഖാവ് എഫ്.ബിയില്‍ ഇട്ട പ്രൊഫൈല്‍ പിക്ചറിന് താഴെ ബോഡി ഷെയിമിങ്ങനെ കുറിച്ച് പറഞ്ഞത് കണ്ടു. എന്റെ ഒരു വിഷമം അറിയിക്കാനാണ് ഈ മെസ്സേജ്. എന്റെ അനിയന്‍ എട്ടാം ക്ലാസ്സില്‍ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള സ്‌കൂളില്‍ ആണ് പഠിച്ചിരുന്നത്. അവന്റെ ക്ലാസ്സില്‍ ഉള്ള മറ്റു കുട്ടികള്‍ അവന്‍ കറുത്തിട്ടാണ്, എന്ന് പറഞ്ഞു എപ്പോഴും  കളിയാക്കുമെന്നും അവനെ ആരും കൂടെ കൂട്ടില്ല ബെഞ്ചില്‍ നിന്നും തള്ളി മാറ്റിയിരുത്തും എന്നൊക്കെ പറഞ്ഞു ഒരുപാട് ദിവസം സങ്കടപ്പെട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ക്ലാസ്സ് അദ്ധ്യാപകനെ വിവരം അറിയിച്ചു.

അതിന് ശേഷം കുട്ടികള്‍ മുഴുവന്‍ ഇവനെതിരായി. അവനെ കളിയാക്കുന്നത് കൂടാതെ അടുത്ത ക്ലാസ്സില്‍ ഉള്ള കുട്ടികളോട് പോലും അവനോട് മിണ്ടരുത്, കളിക്കാന്‍ കൂട്ടരുത് എന്നൊക്കെ പറഞ്ഞു അവനെ ഒറ്റപ്പെടുത്തി.ക്ലാസ്സില്‍ ഒരാള്‍ പോലും അവനോട് മിണ്ടാതായി. നന്നായി പഠിച്ചിരുന്ന കുട്ടി ഒരുപാട് വിഷയത്തില്‍ തോറ്റു.എന്നും തലവേദനയും കരച്ചിലും .അങ്ങനെ ഞങ്ങള്‍ അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു. പുതിയ യൂണിഫോം വാങ്ങിക്കാനും സ്‌കൂളില്‍ പോയി വരാനും ഒക്കെ രമവെ ചിലവായി. വീടിന്റെ തൊട്ടടുത്ത് സ്‌കൂള്‍ ഉണ്ടായിട്ടും ഒരുപാട് ദൂരെ ആണ് ഇപ്പൊ അവന്‍ പഠിക്കുന്നത്. അവിടെ അവന്‍ ഒകെ ആണ്.. പക്ഷെ നിറമില്ല ഭംഗിയില്ല എന്നൊക്കെയുള്ള ചിന്ത അവനില്‍ ഉണ്ട്.അവന്‍ നന്നായി ഫുട്‌ബോള്‍ കളിക്കും. സ്‌കൂള്‍ ടീമില്‍ ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ ഒന്നും ഇല്ല. കളിക്കാന്‍ പോവില്ല. ഒരു പരിപാടികള്‍ക്കും പോവില്ല. ഞങ്ങള്‍ വളരെ വിഷമത്തില്‍ ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങള്‍..

ഞാന്‍ ഒരു അധ്യാപകവിദ്യാര്‍ത്ഥിയാണ്. ബോഡി ഷെയിമിങ്ങിനെ കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അധ്യാപകരല്ലേ സാര്‍? പാഠപുസ്തകങ്ങളിലെങ്കിലും ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..

ഈ സന്ദേശം അയച്ച വ്യക്തിക്ക്,

താങ്കള്‍ അയച്ച ഈ സന്ദേശം അത്യന്തം ഗൗരവമായി തന്നെയാണ് ഞാന്‍ കാണുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം എങ്ങനെ നടപ്പാക്കാം എന്ന കാര്യം നമുക്ക് ആലോചിക്കാം. ഒപ്പം തന്നെ അധ്യാപക പരിശീലന പരിപാടിയില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ എങ്ങിനെ ഇടപെടാം എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പരിഗണിക്കാം.

എട്ടാം കഌസില്‍ പഠിക്കുന്ന അനിയനോട് എനിക്ക് സംസാരിക്കാന്‍ താല്പര്യം ഉണ്ടെന്ന് അറിയിക്കൂ. അവന് ആത്മവിശ്വാസം പകരൂ..സമ്പത്തോ വര്‍ണമോ അല്ല ആത്യന്തികമായി ഒരു വ്യക്തിയെ നിര്‍ണയിക്കുക, നന്മ,കാരുണ്യം, സന്തോഷം ഇതൊക്കെ ആകണം ജീവിത ലക്ഷ്യങ്ങള്‍..

 

Latest News