പത്തനംതിട്ട-സ്‌കാനിങ് സെന്ററില്‍ പരിശോധനക്കെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ സമാനമായ രീതിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കൊല്ലം ചിതറ മടത്തറ നിധീഷ് ഭവനില്‍ എ എന്‍ അന്‍ജിത്ത് (24) ആണ് യുവതിയുടെ പരാതിയില്‍ അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയില്‍ നിരവധി യുവതികളുടെ ചിത്രങ്ങള്‍ യുവാവ് പകര്‍ത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തിയത്.
അടൂര്‍ ജനറല്‍ ആശുപത്രിക്കു സമീപത്തെ ദേവി സ്‌കാനിങ് ആന്‍ഡ് ലാബില്‍ നടന്ന സംഭവത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്. കാലിന്റെ എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ എത്തിയ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. അന്‍ജിത്തില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും.
ഇയാളുടെ ഫോണില്‍നിന്ന് ഇരുപതോളം ചിത്രങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഇതിന് മുന്‍പ് ജോലി ചെയ്ത സ്ഥലത്തും പ്രതി സമാനമായ കുറ്റകൃത്യം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. യുവതിയുടെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കിയത്. മുറിയിലെ അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന തുണികള്‍ക്കിടയിലാണ് ക്യാമറ ഓണാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്.
വസ്ത്രം മാറിക്കഴിഞ്ഞ് സംശയം തോന്നിയ യുവതി മുറിയാകെ പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വസ്ത്രം മാറുന്ന ദൃശ്യം ഫോണില്‍ കണ്ടെത്തി. അപ്പോള്‍ തന്നെ യുവതി ദൃശ്യം നീക്കം ചെയ്തു. തുടര്‍ന്ന് ഇക്കാര്യം നഗരസഭാ അധ്യക്ഷന്‍ ഡി സജിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
സ്‌കാനിങ്ങിനായി സ്ഥാപനത്തിന്റെ പ്രത്യേക വസ്ത്രം ധരിക്കുമ്പോഴാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഇത്തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കും.