പത്തനംതിട്ട- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ദാസപ്പന്റെ മകന്‍ സന്തോഷ് പി ഡി (43) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഈ മാസം 7 നാണ് സംഭവം. രാവിലെ 8.45 ന് പഠിക്കാന്‍ വേണ്ടി സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതാവുകയായിരുന്നു.
യുവതിയെ കാണാതായി എന്ന മാതാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം വ്യാപിപ്പിച്ചു. സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. പിറ്റേന്ന്, യുവതിയും സന്തോഷും കണ്ണൂരുണ്ടെന്ന് സൂചന ലഭിച്ചു. കണ്ണൂര്‍ പോലീസ് ഇരുവരെയും കണ്ടെത്തി സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന്, കോയിപ്രം പോലീസ് അവിടെയെത്തി ബുധന്‍ രാത്രിയോടെ കോയിപ്രത്തെത്തിച്ച് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
പ്രതിയുമായി പരിചയത്തിലായെന്നും 7 ന് കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും മൊഴിയില്‍ പറയുന്നു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച പോലീസ്, പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുറ്റം സമ്മതിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പിടിച്ചെടുത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ഇക്കാര്യം മറച്ചുവച്ച് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ മുഖാന്തിരം കരസ്ഥമാക്കുകയായിരുന്നു.