തൃശൂര്‍- ലയണല്‍ മെസ്സിയെ അപ്പടി ഒപ്പിയെടുത്ത മെഴുകു പ്രതിമ ചാലക്കുടില്‍ ശ്രദ്ധേയമാകുന്നു. മുഖത്തു പറ്റിപ്പിടിച്ച വിയര്‍പ്പുകണങ്ങള്‍ പോലും പ്രതിമയിലുണ്ട്. കയ്യില്‍ ടാറ്റൂ, കാല്‍ച്ചുവട്ടില്‍ ഫുട്‌ബോള്‍. ചാലക്കുടി മെയിന്‍ റോഡിലെ ഡ്രീംസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെത്തിച്ച മെസ്സിയുടെ മെഴുകു പ്രതിമയാണിത്. മെസ്സിയുടെ അതേ ഉയരമാണു മെഴുകു പ്രതിമയ്ക്കും -169 സെന്റീമീറ്റര്‍. ശരീരഘടന യഥാര്‍ഥ മെസ്സിയുടേതില്‍നിന്ന് അണുവിട പോലും വ്യത്യാസമില്ല.
ലക്ഷങ്ങള്‍ ചെലവഴിച്ചു ചൈനയില്‍ നിന്നു വാങ്ങി എത്തിച്ചതാണ് മെഴുക് പ്രതിമ. കടയ്ക്കുള്ളില്‍ ഒരുക്കിയ കൃത്രിമ പുല്‍ മൈതാനത്ത് അര്‍ജന്റീനയുടെ നീലയും വെള്ളയും ജഴ്‌സി അണിഞ്ഞ് കാല്‍ച്ചുവട്ടില്‍ പന്തുമായി നില്‍ക്കുന്ന രൂപത്തിലാണ് പ്രതിമ. ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നതു വരെ മെസ്സി ഷോപ്പിലുണ്ടാകുമെന്നു കടയുടമ ബിജു പൗലോസ് പറയുന്നു. പ്രതിമ കണ്ടു വിസ്മയിച്ചു ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍ കടയിലെത്തിയിരുന്നു. പ്രതിമക്കൊപ്പം നിന്നു ചിത്രമെടുത്താണു മടങ്ങിയത്.