Sorry, you need to enable JavaScript to visit this website.

ഹക്കീം ഫൈസിയെ പുറത്താക്കിയത് ആലോചിച്ചടുത്ത തീരുമാനം; അണികൾ അംഗീകരിക്കുമെന്നും സമസ്ത

ചേളാരി(മലപ്പുറം) - സി.ഐ.സി ജനറൽസെക്രട്ടറി പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയത് അനിവാര്യ സാഹചര്യത്തിലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ. ചേളാരിയിൽ സമസ്തയുടെ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആലിക്കുട്ടി മുസ്‌ലിയാർ.
 സമസ്ത പെട്ടെന്ന് ആർക്കെതിരെയും കർശന നടപടിയിലേക്ക് പോകാറില്ല. അനിവാര്യ ഘട്ടത്തിൽ മാത്രമാണ് കടുത്ത നടപടി സ്വീകരിക്കാറ്. അതാണ് ഇവിടെയും ഉണ്ടായതെന്നും സമസ്തയുടെ അണികൾ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. വിഷയം നിരവധി തവണ ചർച്ച ചെയ്തതാണ്. തന്റെ വീട്ടിൽവെച്ചും പലതവണ സംസാരിച്ചു. 40 പേർ പങ്കെടുത്ത യോഗത്തിൽ ഐകകണ്‌ഠേനയാണ് നടപടിയെടുത്തതെന്നും ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.  
 ഹക്കീം ഫൈസിയെ പുറത്താക്കിയ സമസ്ത മുശാവറ യോഗത്തിന് മുമ്പ് പാണക്കാട് സാദിഖലി തങ്ങളുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നുവെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സാദിഖലി തങ്ങൾ ദുബൈയിലായിരുന്നു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരും അവിടെയുണ്ടായിരുന്നു. ഇരുവരും ദുബൈയിൽ വച്ച് ചർച്ച നടത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും താനും സാദിഖലി തങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്തയുടെ ആശയങ്ങൾക്കും നയനിലപാടുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ഹക്കീം ഫൈസിക്കെതിരെ നടപടിയെടുത്തത്. സമസ്തക്ക് ലഭിച്ച പരാതികളിൽ പ്രത്യേക സമിതിയെ നിയോഗിച്ച് പഠിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തതിന് ശേഷമാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
 എന്നാൽ സി.ഐ.സി സനദ് ദാന സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന സമസ്തയുടെ സംഘടനാ സർക്കുലർ ലംഘിച്ച പാണക്കാട് കുടുംബാംഗങ്ങൾ അടക്കമുള്ള സമസ്തയുടെ പോഷക സംഘടനാ ഭാരവാഹികൾക്കും പണ്ഡിതൻമാർക്കുമെതിരെ നടപടി എടുക്കാത്തതിനെതിരെ നേതാക്കൾ മൗനം പാലിച്ചു. പാണക്കാട് കുടുംബാംഗങ്ങൾക്കെതിരെ തിരിഞ്ഞാൽ അണികൾ തിരിഞ്ഞുകുത്തുമെന്ന ഭീതിയാണ് ബോധപൂർവ്വമായ ഈ മൗനത്തിന് കാരണമെന്നാണ് സംസാരം. എന്നാൽ ഹക്കീം ഫൈസിയ്‌ക്കെതിരെ നടപടി എടുത്തതിലൂടെ പാണക്കാട് കുടുംബാംഗങ്ങൾക്ക് കടുത്ത മുന്നറിയിപ്പ് നൽകാനായതായും ഇതിന് പിന്നിൽ ചരട് വലിച്ചവർ അവകാശപ്പെടുന്നു.
 

Latest News