Sorry, you need to enable JavaScript to visit this website.

തുടങ്ങാൻ തീരുമാനിച്ചാലല്ലേ നീട്ടാനാവൂ; ഗവർണറുടെ നയപ്രഖ്യാപനത്തിൽ മന്ത്രി പി രാജീവ്

തിരുവനന്തപുരം - ഗവർണർ - സർക്കാർ പോര് തുടരുന്നതിനിടെ നിയമസഭാ സമ്മേളനം നീട്ടിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നിയമമന്ത്രി പി രാജീവ്. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ നിയമസഭാ സമ്മേളനം നീട്ടുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ല. തുടങ്ങാൻ തീരുമാനിച്ചാലല്ലേ നീട്ടാനാവൂ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോടായുള്ള മന്ത്രിയുടെ മറുപടി.
 അതസമയം ഓർഡിനൻസ് ഗവർണർ പിടിച്ചുവെച്ചാലും ബിൽ കൊണ്ടുവരാൻ സഭക്ക് തടസ്സമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓർഡിനൻസ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയിലിരിക്കുമ്പോഴും അതേ വിഷയത്തിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരാൻ തടസ്സമില്ല. ബില്ല് കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണ്. ബില്ല് പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, മറിച്ചല്ല. സർവ്വകലാശാലാ ഓർഡിനൻസിൽ ഒപ്പിടില്ലെന്ന്, അത് കാണാതെ ഗവർണർ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കിൽ അത്  മുൻവിധിയാണെന്നും ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്ക് പാടില്ലാത്തതാണെന്നും മന്ത്രി രാജീവ് വ്യക്തമാക്കി. 
 അതേസമയം, സർവ്വകലാശാല ഓർഡിനൻസ് ആലോചിച്ചെടുത്ത തീരുമാനമാണെന്നും നിയമസഭാ സമ്മേളനം പാർട്ടി തീരുമാനിക്കേണ്ടതല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. നയപ്രഖ്യാപനത്തിന്റെ കാര്യത്തിലും സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
  പുതുവർഷാരംഭത്തിൽ നടക്കേണ്ട ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്കു കൂടി നീട്ടാൻ ആലോചനകളുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. സഭ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതോടെ ഗവർണറുടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാവുമെന്നതിനാലായിരുന്നു ഇത്. ഡിസംബർ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന സഭ 15ന് താല്ക്കാലികമായി പിരിഞ്ഞ് ക്രിസ്തുമസിന് ശേഷം തുടങ്ങി ജനുവരി വരെ നീട്ടാനായിരുന്നു പ്ലാൻ. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അത്തരമൊരു നീട്ടലുണ്ടായിരുന്നുവെന്നും അതിന് നിയമം തടസ്സമല്ലെന്നുമാണ് വിശദീകരണം.

Latest News