കാളികാവ്- മലയോര ഹൈവേ നിർമാണത്തിലെ അശാസ്ത്രീയത ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ.
റോഡിന്റെ നിർമാണം പലയിടങ്ങളിലും വ്യത്യസ്തമാണെന്ന് ആരോപിച്ച് കാളികാവിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്. ഡ്രൈനേജ് ഉൾപ്പെടെ 12 മീറ്ററാണ് റോഡിന്റെ വീതി. ഇതിൽ ഒമ്പതു മീറ്റർ ടാറിംഗും ഇരുവശങ്ങളിലുമായി ഒന്നരമീറ്റർ വീതം ഡ്രൈനേജും നടപ്പാതയുമാണ് നിർമിക്കുന്നത്. റോഡും റോഡിനോടു ചേർന്ന സ്ഥലവുമടക്കം 20 മീറ്ററോളം വീതിയുള്ള സ്ഥലങ്ങളിലും റോഡ് 12 മീറ്ററിൽ ചുരുക്കുകയും ബാക്കിയുള്ള സ്ഥലം ഒഴിവാക്കുകയും ചെയ്യുന്നതാണ് പ്രധാനപ്രശ്‌നം. ഇതിനെതിരെയാണ് കാളികാവിലെ സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചത്. കാളികാവിലെ ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ സോഷ്യൽ മീഡിയകളിലും റോഡ് പണിയിലെ അശാസ്ത്രീയത ചർച്ചയായിട്ടുണ്ട്. കരുവാരക്കുണ്ട് പതിനൊന്നാം മൈലിൽ അശാസ്ത്രീയമായാണ് റോഡ് നിർമിച്ചിട്ടുള്ളത്. ഇതാകട്ടെ ബാക്കിസ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറുന്നതിനും റോഡിന്റെ വശങ്ങളിൽ പാർക്കിംഗ് സൗകര്യം ഇല്ലാതാക്കുകയും ചെയ്യും എന്നതാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് റോഡ് പ്രവൃത്തി തുടങ്ങിയ ദിവസം തന്നെ ഉയർന്നിട്ടുള്ളത്. മലയോര ഹൈവേയുടെ കരുവാരകുണ്ട് റീച്ചിന്റെ നിർമാണത്തിലാണ് അശാസ്ത്രീയത ആരോപിച്ചിട്ടുള്ളത്. കരുവാരക്കുണ്ട് റീച്ചിന്റെ ഭാഗമായാണ് കാളികാവ് ബ്ലോക്ക് ഓഫീസിനു സമീപത്തെ ടിബി ജംഗ്ഷനിൽനിന്നു പണി തുടങ്ങിയിട്ടുള്ളത്. റോഡിനായി നേരത്തെ നീക്കിവച്ച സ്ഥലം റോഡിനുതന്നെ ഉപയോഗിക്കണം എന്നതാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ പരിശോധന നടത്താനും ഹൈവേ അഥോറിറ്റിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. എൻ. നൗഷാദ്, എൻ.എം ശഫീഖ്, വി. സാദ്, പി. റിയാസ്ബാബു, കുരിക്കൾ ബാപ്പു, കൊല്ലാരൻ അസി തുടങ്ങിയവർ നേതൃത്വം നൽകി.