Sorry, you need to enable JavaScript to visit this website.

മക്കയിൽ ഹറം ടാക്‌സി  പദ്ധതി വരുന്നു

മക്ക- മക്കയിലെത്തുന്ന തീർഥാടക ലക്ഷങ്ങൾക്കും സന്ദർശകർക്കും ഏറ്റവും മികച്ച യാത്രാ സേവനം ലഭ്യമാക്കുന്നതിന് മക്കയിൽ ഹറം ടാക്‌സി പദ്ധതി നടപ്പാക്കുന്നു. മക്ക ഇക്കണോമിക്‌സ് ഫോറത്തിൽ പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ.റുമൈഹ് അൽറുമൈഹ് ആണ് പുതിയ പദ്ധതി വെളിപ്പെടുത്തിയത്. വിശുദ്ധ ഹറമിനു സമീപമുള്ള പ്രദേശങ്ങളിലാണ് ഹറം ടാക്‌സി സേവനമുണ്ടാവുക. 
ഹറം ടാക്‌സി പദ്ധതിക്കു കീഴിലെ ടാക്‌സി കാറുകളിൽ മുൻവശത്തും പിൻവശത്തും യാത്ര ചെയ്യുന്നവർക്ക് കാണാൻ പാകത്തിൽ സ്‌ക്രീനുകളുണ്ടാകും. മീറ്ററുമായി ബന്ധിപ്പിക്കുന്ന സ്‌ക്രീനുകളിൽ ടാക്‌സി നിരക്ക് പ്രദർശിപ്പിക്കും. ഡ്രൈവറെയും വാഹനത്തെയും ടാക്‌സി കമ്പനിയെയും കുറിച്ച വിവരങ്ങളും സൗദി അറേബ്യയെ കുറിച്ച് പരിചയപ്പെടുത്തുന്ന, വ്യത്യസ്ത ഭാഷകളിലുള്ള ഉള്ളടക്കവും സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. നാവിഗേഷൻ സംവിധാനവും ഓൺലൈൻ വഴി നിരക്ക് അടയ്ക്കുന്നതിന് സഹായിക്കുന്ന ഉപകരണവും ബിൽ പ്രിന്റ് ചെയ്യുന്നതിനുള്ള പ്രിന്ററും പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ 'വസ്ൽ' പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച ട്രാക്കിംഗ് ഉപകരണവും ഹറം ടാക്‌സികളിലുണ്ടാകും. ടാക്‌സി പദ്ധതി ക്രമീകരിക്കുകയും പദ്ധതിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയുമാണ് പൊതുഗതാഗത അതോറിറ്റി ചെയ്യുക. മക്ക വികസന അതോറിറ്റിയും മക്ക നഗരസഭയുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. ആറു മാസത്തിനുള്ളിൽ ഹറം ടാക്‌സികൾക്ക് ലൈസൻസ് നൽകും. ഒരു കമ്പനിക്കു കീഴിൽ 200 മുതൽ 250 വരെ ടാക്‌സികൾക്കാണ് ലൈസൻസ് നൽകുക. 
യാമ്പുവിനെ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയുമായും ജിദ്ദയുമായും റെയിൽപാതയിൽ ബന്ധിപ്പിക്കും. ഉല്ലാസ നൗകകൾ വാടകക്ക് നൽകുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ജിദ്ദ തീരത്താണ് ഉല്ലാസ നൗകകൾ വാടകക്ക് നൽകുന്ന സേവനം ആദ്യമായി ആരംഭിക്കുക. സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ വഴി നഗരവാസികൾക്കും സന്ദർശകർക്കും ബോട്ടുകൾ എളുപ്പത്തിൽ വാടകക്കെടുക്കുന്നതിന് സൗകര്യമുണ്ടാകും. ബോട്ട് വാടക 50 ശതമാനം വരെ കുറയ്ക്കുന്നതിന് പുതിയ സേവനം സഹായിക്കുമെന്നും ഡോ.റുമൈഹ് അൽറുമൈഹ് പറഞ്ഞു. 
---

Latest News