റിയാദ്- എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം ചെയ്യാൻ തുടങ്ങി. ഈ വർഷം ആദ്യ പാദത്തിൽ പൊതു വരുമാനത്തിൽ 15 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ വെളിപ്പെടുത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 16,626 കോടി റിയാൽ പൊതുവരുമാനം നേടി. എണ്ണയിതര മേഖലയിൽ നിന്ന് ആദ്യ പാദത്തിൽ 5,231 കോടി റിയാൽ വരുമാനം ലഭിച്ചു. ഇത് കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് 63 ശതമാനം കൂടുതലാണ്.
ആദ്യ പാദത്തിൽ എണ്ണ മേഖലയിൽ നിന്നുള്ള വരുമാനം 11,394 കോടി റിയാലാണ്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ എണ്ണ വരുമാനത്തിൽ രണ്ടു ശതമാനം വർധനവുണ്ടായി. ആദ്യ പാദത്തിലെ ബജറ്റ് കമ്മി 3,432 കോടി റിയാലാണ്. ഇത് ഈ വർഷത്തെ ബജറ്റിൽ പ്രതീക്ഷിച്ച കമ്മിയുടെ പതിനെട്ടു ശതമാനമാണ്. ആദ്യ പാദത്തിലെ ധനവിനിയോഗം 20,059 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷം ആദ്യ പാദത്തിലെ പൊതു ധനവിനിയോഗത്തെ അപേക്ഷിച്ച് 18 ശതമാനം കൂടുതലാണ്. പൊതു കടം 48,365 കോടി റിയാലായി ഉയർന്നിട്ടുണ്ട്. ആദ്യ പാദത്തിന്റെ തുടക്കത്തിൽ പൊതു കടം 44,325 കോടി റിയാലായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പൊതു കടത്തിൽ 27,740 കോടി റിയാൽ ആഭ്യന്തര കടവും 20,625 കോടി റിയാൽ വിദേശ കടവുമാണ്. ധന സന്തുലന പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയ പുരോഗതി നേടുന്നതിന് സാധിച്ചു എന്നാണ് ആദ്യ പാദത്തിലെ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.