Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവതിയോട് മോശമായി പെരുമാറിയ ഡോക്ടറുടെ മരണം; അഞ്ച് പേര്‍ റിമാന്‍ഡില്‍, ബദിയടുക്കയില്‍ ഹര്‍ത്താല്‍ സമാധാനപരം

കാസര്‍കോട്- ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ബദിയടുക്കയിലെ ദന്തഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്ന് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി കടന്നു പോയി. കടകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞുകിടന്നു. ഹര്‍ത്താല്‍ നടത്തിയ ബിജെപി പ്രവര്‍ത്തകരും  വിവിധ ഹിന്ദു സംഘടന പ്രവര്‍ത്തകരും  ടൗണില്‍ പ്രകടനം നടത്തി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബദിയടുക്കയിലെ സ്വകാര്യക്ലിനിക്കില്‍ ദന്തഡോക്ടറായ കൃഷ്ണമൂര്‍ത്തി(52)യുടെ മൃതദേഹം കര്‍ണാടകയിലെ  കുന്താപുരത്ത് റെയില്‍വെ ട്രാക്കിലാണ്  കണ്ടെത്തിയത്.  ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയിരുന്നെങ്കിലും കൃഷ്ണൂര്‍ത്തിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കൃഷ്ണമൂര്‍ത്തി കാണാതാകുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടല്ല മൃതദേഹത്തിലുണ്ടായിരുന്നത്. കുന്താപുരത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ ബദിയടുക്കയില്‍ നിന്ന് ബന്ധുക്കള്‍ കുന്താപുരത്ത് പോയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.  രാത്രിയോടെ മകള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി ബദിയടുക്ക എസ്.ഐ കെ പി വിനോദ് കുമാര്‍  അറസ്റ്റ് ചെയ്തു. ഡോക്ടറെ ക്ലിനിക്കില്‍ കയറി  ഭീഷണിപ്പെടുത്തിയതിനാണ് കുമ്പഡാജെയിലെ അഷ്‌റഫ്, കുമ്പഡാജെ അന്നടുക്കയിലെ മുഹമ്മദ് ശിഹാബുദ്ദീന്‍, വിദ്യാഗിരി മുനിയൂരിലെ ഉമറുല്‍ ഫാറൂഖ്, ബദിയടുക്ക ചെന്നാര്‍ കട്ടയിലെ മുഹമ്മദ് ഹനീഫ്, അലി പുട്ടക്കല്ല് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  ബദിയടുക്കയിലെ ക്ലിനിക്കില്‍ ദന്തചികിത്സക്കെത്തിയ 32കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കൃഷ്ണമൂര്‍ത്തിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ബന്ധുക്കള്‍ അടക്കമുള്ള സംഘം രണ്ടുതവണ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഓടിച്ചുപോയ ഡോക്ടറെ പിന്നീട് കാണാതാവുകയായിരുന്നു. ഡോക്ടറുടെ ഭാര്യ പ്രീതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കുന്താപുരത്ത് കണ്ടെത്തിയത്. ഡോക്ടറുടെ  ബൈക്ക് കുമ്പള ടൗണില്‍ നിര്‍ത്തിയിട്ട നിലയില്‍ പൊലീസ് കണ്ടെടുത്തിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബദിയടുക്കയിലെ വീട്ടിലേക്ക് കൊണ്ടുവന്നു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഡോ. വര്‍ഷ ഏകമകളാണ്.

 

Latest News