റിയാദ്- സന്ദർശക വിസ ഫീസിളവ് അനുവദിച്ച രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ത്യക്ക് പുറമെ ബൾഗേറിയ, റുമേനിയ, ക്രൊയേഷ്യ, അയർലന്റ്, സൈപ്രസ്, അർജന്റീന, ആസ്‌ട്രേലിയ, ഇന്തോനേഷ്യ, റഷ്യ, കനഡ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സിംഗപ്പൂർ, മലേഷ്യ, അൽബേനിയ, കിർഗിസ്ഥാൻ, ഉക്രൈൻ, ഹോങ്കോംഗ്, മൗറീഷ്യസ് എന്നീ ഇരുപത് രാജ്യങ്ങൾക്കും സന്ദർശക വിസയിൽ ഫീസിളവ് അനുവദിച്ചിട്ടുണ്ട്. സിംഗിൾ എൻട്രി സന്ദർശക വിസക്ക് ആസ്‌ട്രേലിയക്ക് 506 റിയാൽ, റഷ്യക്ക് 790 റിയാൽ, ഇന്ത്യക്ക് 305 റിയാൽ, ബ്രസീൽ 300 റിയാൽ, ഉക്രൈൻ 375 റിയാൽ ഹോങ്കോംഗ് 290 റിയാൽ, മറ്റു 15 രാജ്യങ്ങൾക്കും 250 റിയാൽ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. മൾട്ടിപ്ൾ എട്രി സന്ദർശക വിസകൾക്കും ബൾഗേറിയ, റുമേനിയ, ക്രൊയേഷ്യ, അയർലന്റ്, സൈപ്രസ്, അൽബേനിയ, കിർഗിസ്ഥാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾക്ക് 250 റിയാൽ തന്നെയാണ്. അതായത് 250 റിയാൽ മുടക്കിയാൽ ഈ രാജ്യക്കാർക്ക് രണ്ടുവർഷം വരെയുള്ള സന്ദർശക വിസ സ്റ്റാംപ് ചെയ്തുകിട്ടും. ആറ് മാസം, ഒരുവർഷം, രണ്ടുവർഷം എന്നീ കാലയളവിലേക്കുള്ള സന്ദർശക വിസക്ക് അർജന്റീന, ആസ്‌ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സിംഗപ്പൂർ, മലേഷ്യ, ഉക്രൈൻ എന്നീ രാജ്യങ്ങൾ 3000, 5000, 8000 റിയാൽ ആണ്. ഇന്ത്യക്ക് ഇത് യഥാക്രമം 455, 810, 1110 റിയാൽ എന്നിങ്ങനെയും. അഥവാ രണ്ടുവർഷത്തെ മൾട്ടിപ്പിൾ സന്ദർശക വിസക്ക് ഇന്ത്യക്കാർക്ക് 1110 റിയാൽ അടച്ചാൽ മതി. ബാക്കിയുള്ള രാജ്യങ്ങൾക്ക് നേരിയ വ്യത്യാസമേയുള്ളൂ.