ഇസ്ലാമാബാദ്- സാനിയ മിര്‍സയും ഷുഐബ് മാലികും വേര്‍പിരിയാന്‍ കാരണം പാകിസ്ഥാനി നടിയും മോഡലും യുട്യൂബറുമായ ആയിഷ ഉമറാണെന്ന് സൂചന. ആയിഷയുമായുള്ള ഷുഐബിന്റെ ബന്ധമാണ് വേര്‍പിരിയലിന് കാരണമെന്നും ഷുഐബ് സാനിയയെ വഞ്ചിച്ചുവെന്നും പാകിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. 2021 ല്‍ ആയിഷയും ഷുഐബും ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഓക്കെ പാകിസ്ഥാന്‍ എന്ന മാഗസിന് വേണ്ടിയായിരുന്നു ഇത്. ബോള്‍ഡ് ഫോട്ടോഷൂട്ടിനായി ആയിഷ തന്നെ സഹായിച്ചുവെന്ന് പിന്നീട് ഷുഐബ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ആയിഷയും ഷുഐബും തമ്മിലുള്ള സൗഹൃദം വളര്‍ന്നുവെന്നാണ് റിപ്പോട്ടുകളില്‍ പറയുന്നത്. അഭിനേത്രിയാകുന്നതിന് മുമ്പ് ഗായികയെന്ന നിലയിലും ആയിഷ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അവതാരകയായും തിളങ്ങിയിട്ടുണ്ട്. പാകിസ്ഥാനിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ഇവര്‍. 2015 ല്‍ 'കറാച്ചി സേ ലാഹോര്‍' എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം.
2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും കുറച്ചു കാലങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും മകന് വേണ്ടി മാത്രമാണ് കൂടിക്കാഴ്ചകളൊന്നും ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.