Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശികള്‍ക്ക് വലിയ സഹായമായി അബ്ശിര്‍; കഴിഞ്ഞ മാസം 19 ലക്ഷം സേവനങ്ങള്‍

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി കഴിഞ്ഞ മാസം 19 ലക്ഷത്തിലേറെ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദിവസേന ശരാശരി 61,290 ലേറെ സേവനങ്ങള്‍ ഒക്‌ടോബറില്‍ അബ്ശിര്‍ വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കി. അബ്ശിറില്‍ 2.6 കോടിയിലേറെ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്. ഇവര്‍ക്കെല്ലാം അബ്ശിര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. പുതിയ ഇഖാമ, ഇഖാമ പുതുക്കല്‍, റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് അടക്കം 350 ലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി നല്‍കുന്നു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങള്‍ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്വദേശികളെയും വിദേശികളെയും അബ്ശിര്‍ സഹായിക്കുന്നു.
പുതിയ സൗദി പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കല്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 73,271 അപേക്ഷകളിലും 6,43,106 പുതിയ ഇഖാമ അനുവദിക്കല്‍, ഇഖാമ പുതുക്കല്‍ അപേക്ഷകളിലും അബ്ശിര്‍ വഴി കഴിഞ്ഞ മാസം നടപടികള്‍ പൂര്‍ത്തിയാക്കി. 2,28,367 റീ-എന്‍ട്രികള്‍ അനുവദിക്കുകയും 12,279 ഫൈനല്‍ എക്‌സിറ്റ് വിസകള്‍ റദ്ദാക്കുകയും 11,969 വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുകയും 73,166 റീ-എന്‍ട്രി വിസകള്‍ ദീര്‍ഘിപ്പിക്കുകയും ചെയ്തു.
പുതിയ വിസകളില്‍ സൗദിയിലെത്തുന്ന വേലക്കാരികളെ സ്‌പോണ്‍സര്‍മാരെ പ്രതിനിധീകരിച്ച് വിമാനത്താവളങ്ങളില്‍ നിന്ന് സ്വീകരിക്കാനുള്ള 1,769 ഓഥറൈസേഷനുകളും 35,965 ബയാനാതീ സേവനങ്ങളും നല്‍കി. 17,408 സൗദി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ആയി പുതുക്കി നല്‍കി. 81,893 തിരിച്ചറിയല്‍ കാര്‍ഡ് കാലാവധി അന്വേഷണങ്ങളില്‍ സേവനങ്ങള്‍ നല്‍കി. 11,954 ഫാമിലി കാര്‍ഡ് അനുവദിച്ചു. ഉടമകളല്ലാത്തവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാനുള്ള 73,390 ഓഥറൈസേഷനുകള്‍, 89,624 ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍. അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ റിപ്പയര്‍ ജോലികള്‍ ചെയ്യാനുള്ള 90,985 അനുമതി പത്രങ്ങള്‍, 86,300 വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ജീര്‍ണാവസ്ഥയിലുള്ള 96,863 വാഹനങ്ങള്‍ ഉടമകളുടെ പേരുകളില്‍ നിന്ന് നീക്കം ചെയ്യല്‍, 14,610 വാഹന വില്‍പനകള്‍, വാഹന ഇന്‍ഷുറന്‍സ് കാലാവധിയെ കുറിച്ച 4,260 അന്വേഷണങ്ങള്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇഷ്യു ചെയ്ത രേഖകള്‍ തപാല്‍ വഴി ഉടമകള്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കാനുള്ള 2,20,991 അപേക്ഷകള്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത വിരലടയാളത്തെ കുറിച്ച 7,447 അന്വേഷണങ്ങള്‍ എന്നിവയിലും കഴിഞ്ഞ മാസം അബ്ശിര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ അബ്ശിറില്‍ ഉള്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്. നഷ്ടപ്പെടുന്ന സൗദി തിരിച്ചറിയല്‍ കാര്‍ഡിനു പകരം ബദല്‍ കാര്‍ഡ് ഇഷ്യു ചെയ്യല്‍, ഇവ ഗുണഭോക്താക്കളുടെ വിലാസത്തില്‍ നേരിട്ട് എത്തിക്കല്‍, നവജാതശിശുക്കളുടെ ജനനം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യല്‍, ജനന സര്‍ട്ടിഫിക്കറ്റ് സൗദി വനിതകളായ മാതാക്കള്‍ക്ക് നേരിട്ട് എത്തിക്കല്‍, വിദേശികളുടെ നവജാതശിശുക്കളുടെ ജനനം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യല്‍, മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് വിദേശികള്‍ക്ക് തപാല്‍ മാര്‍ഗം എത്തിക്കല്‍ എന്നിവ അടക്കം നിരവധി സേവനങ്ങള്‍ സമീപ കാലത്ത് അബ്ശിറില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Latest News