ഈജിപ്തിലെ ഷറമുൽഷെയ്ക്കിൽ നടന്ന ഹരിത ഉച്ചകോടിയും അതിൽ സൗദി അറേബ്യ വഹിച്ച നേതൃപരമായ പങ്കാളിത്തവും പരിസ്ഥിതി സംരക്ഷണത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എത്ര പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത് എന്നതിന്റെ നിദർശനമായി. പരിസ്ഥിതി സംരക്ഷണത്തിനും ഊർജ പരിവർത്തന പരിപാടികൾക്കും നൽകുന്ന മുൻതൂക്കം വർധിപ്പിച്ചുകൊണ്ട് കാലാവസ്ഥ വ്യതിയാന പ്രതിബദ്ധതകൾ സൗദി അറേബ്യ സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉച്ചകോടി തെളിയിച്ചു. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി, നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളുടെ ആദ്യ പാക്കേജിൽ ഹരിത സമ്പദ്വ്യവസ്ഥയിലെ 700 ബില്യൺ റിയാലിലധികം നിക്ഷേപമാണ് ഉൾപ്പെടുന്നത്.
ഭാവിതലമുറക്കായി ഹരിതവും സുസ്ഥിരവുമായ അന്തരീക്ഷം. സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്ന മഹത്തായ കാര്യം ഇതാണ്. സൗദി മാത്രമല്ല, മധ്യപൂർവ ദേശമാകെ ഹരിതാഭമാക്കാനുള്ള പദ്ധതിയാണ് സൗദി അറേബ്യയുടെ മുൻകൈയിൽ മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവ് നടപ്പാക്കുന്നത്. ഈജിപ്തിലെ ഷറമുൽഷെയ്ക്കിൽ നടന്ന ഹരിത ഉച്ചകോടിയും അതിൽ സൗദി അറേബ്യ വഹിച്ച നേതൃപരമായ പങ്കാളിത്തവും ഈ ഉദ്യമത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എത്ര പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത് എന്നതിന്റെ നിദർശനമായി. പരിസ്ഥിതി സംരക്ഷണത്തിനും ഊർജ പരിവർത്തന പരിപാടികൾക്കും നൽകുന്ന മുൻതൂക്കം വർധിപ്പിച്ചുകൊണ്ട് കാലാവസ്ഥ വ്യതിയാന പ്രതിബദ്ധതകൾ സൗദി അറേബ്യ സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉച്ചകോടി തെളിയിച്ചു.
കാർബൺ സമ്പദ്വ്യവസ്ഥ മാതൃക പ്രയോഗിക്കാനും ഹരിത പരിവർത്തനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താനും സഹകരണവും വിജ്ഞാന കൈമാറ്റ ശ്രമങ്ങളും വർധിപ്പിക്കാനും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം സജീവമാക്കാനും സൗദി പദ്ധതിയിടുന്നു. സൗദി ഗ്രീൻ ഇനീഷ്യേറ്റീവിന്റെ ഭാഗമായി, നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളുടെ ആദ്യ പാക്കേജിൽ ഹരിത സമ്പദ്വ്യവസ്ഥയിലെ 700 ബില്യൺ റിയാലിലധികം നിക്ഷേപമാണ് ഉൾപ്പെടുന്നത്.
കഴിഞ്ഞ മാസം റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ ആദ്യ ദിവസം 1.4 ദശലക്ഷം ടൺ കാർബൺ ലേലം ചെയ്തുകൊണ്ട് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും മൂന്ന് ബില്യൺ ഡോളർ മൂല്യമുള്ള ആദ്യത്തെ ഗ്രീൻ ബോണ്ട് ഇഷ്യൂ പൂർത്തിയാക്കി. കൂടാതെ 2025 ഓടെ അതിന്റെ ആസ്തി ഒരു ട്രില്യൺ ഡോളർ ആയി ഉയർത്താനും 2026 ഓടെ 10 ബില്യൺ ഡോളറിൽ കൂടുതൽ പുനരുപയോഗ ഊർജം, ശുദ്ധമായ ഗതാഗതം, സുസ്ഥിര ജല മാനേജ്‌മെന്റ് എന്നിവയുൾപ്പെടെയുള്ള ഹരിത പദ്ധതികളിൽ നിക്ഷേപിക്കാനും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ലക്ഷ്യമിടുന്നു.
2050 ഓടെ സീറോ ന്യൂട്രാലിറ്റി ലക്ഷ്യമിടുന്നതായി നവംബർ ഏഴിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. ഇത് ലോകമെമ്പാടും മിഡിൽ ഈസ്റ്റിലും ഈ നടപടി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമാക്കി സൗദി അറേബ്യയെ മാറ്റുന്നുണ്ട്. മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവിലും രാജ്യം അതിന്റെ പങ്കാളിത്തം ഉയർത്തിയിട്ടുണ്ട്. മേഖലയിൽ വൻതോതിലുള്ള വളർച്ച അവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണം സുഗമമാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ നിക്ഷേപങ്ങൾ. അനുബന്ധ പദ്ധതികൾക്കും ഭരണ പ്രവർത്തനങ്ങൾക്കുമായി അടുത്ത 10 വർഷത്തിനുള്ളിൽ 2.5 ബില്യൺ ഡോളർ അനുവദിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഷറമുൽഷെയ്ക്കിൽ സൗദി അറേബ്യ പ്രഖ്യാപിച്ചത്.
മറ്റു അംഗരാജ്യങ്ങളുമായി സഹകരിച്ച് കാർബൺ പിടിച്ചെടുക്കൽ, സംഭരണം, ഉപയോഗം എന്നിവയിൽ പ്രത്യേകമായ ഒരു പ്രാദേശിക കേന്ദ്രം സ്ഥാപിക്കാനും രാജ്യം പദ്ധതിയിടുന്നു. ലോകമെമ്പാടുമുള്ള 750 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനകരമാകുന്ന പാചകത്തിനായുള്ള ശുദ്ധമായ ഇന്ധന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രാദേശിക സംരംഭം ആരംഭിക്കുമെന്നും സൗദി അറേബ്യ പ്രഖ്യാപിച്ചു.
ആസൂത്രിതമായ കാർബൺ സമ്പദ്വ്യവസ്ഥക്കായി സാങ്കേതിക പരിഹാരങ്ങൾക്ക് ധനസഹായം നൽകുന്നതിന് പ്രധാനമായും സമർപ്പിച്ചിരിക്കുന്ന ഒരു പ്രാദേശിക നിക്ഷേപ ഫണ്ട് സൃഷ്ടിക്കുന്നതിനെ കുറിച്ചും സൗദി അറേബ്യ ആലോചിക്കുന്നുണ്ട്. രണ്ട് സംരംഭങ്ങളുടെയും ആകെ മൂല്യം കണക്കാക്കിയിരിക്കുന്നത് 39 ബില്യൺ റിയാലാണ്. ഇതിൽ 15 ശതമാനവും സൗദിയുടെ പങ്കായിരിക്കും. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനൊപ്പം കരയുടെയും കടലിന്റെയും 30 ശതമാനം വരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും സൗദിയുടെ ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതിയിൽ പെടുന്നതാണ്. ഇതിനായി 186 ബില്യൺ ഡോളറിന്റെ സംരംഭമാണ് തുടങ്ങുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിൽ 2021 ലാണ് സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ആരംഭിച്ചത്. കാലാവസ്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കാനും 2060 ഓടെ നെറ്റ്-സീറോ എമിഷൻ നേടാനുമാണ് പദ്ധതി ലക്ഷ്യമിട്ടത്. സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് സ്വകാര്യ മേഖലക്ക് വലിയ നിക്ഷേപ അവസരങ്ങൾ പ്രദാനം ചെയ്യും. അടുത്ത തലമുറയിലെ യുവാക്കൾക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, മേഖലയിലും ലോകത്തും നല്ല സ്വാധീനം ചെലുത്തുന്ന അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ഈ സംരംഭത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട 60 ലധികം പദ്ധതികളാണ് ഉൾപ്പെടുന്നത്. ഇന്റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പോലുള്ള അന്തർദ്ദേശീയ ജൈവവൈവിധ്യ സംരക്ഷണ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് രാജ്യത്ത് സമൃദ്ധമായ വന്യജീവികളും പ്രകൃതിദൃശ്യങ്ങളും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.
റോയൽ നാച്ചുറൽ റിസർവുകൾ, നാച്ചുറൽ റിസർവ്‌സ്, അൽഉല നാച്ചുറൽ റിസർവ് എന്നിവയടക്കം 15 നിയുക്ത പ്രദേശങ്ങൾ വന്യജീവികളുടെ പുനരുദ്ധാരണത്തിനും കരയുടെയും കടലിന്റെയും സംരക്ഷണത്തിനും നീക്കിവെച്ചിരിക്കുന്നു. പ്രകൃതി സൗന്ദര്യത്തിനും അപൂർവ സ്മാരകങ്ങൾക്കും പേരുകേട്ട, കിംഗ് സൽമാൻ റോയൽ നാച്ചുറൽ റിസർവ് 130,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രാജ്യത്തെ ഏറ്റവും വലിയ സംരക്ഷിത പ്രദേശങ്ങളിലൊന്നാണ്. കൂടാതെ, വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ പുനഃസ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ശർആൻ നേച്ചർ റിസർവിന്റെ സംരക്ഷണത്തിനും റോയൽ കമ്മീഷൻ ഓഫ് അൽഉല തുടക്കമിട്ടിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച ശർആൻ നേച്ചർ റിസർവ് വന്യജീവികളെ സംരക്ഷിച്ചും ആവാസ വ്യവസ്ഥയെ സമ്പന്നമാക്കുന്ന ഇക്കോ-ടൂറിസ്റ്റിക് അവസരങ്ങൾ സൃഷ്ടിച്ചും മുന്നേറുന്നു.
വന്യജീവി സങ്കേതവും പ്രകൃതി അധിഷ്ഠിത വിനോദസഞ്ചാര കേന്ദ്രവും യുനെസ്‌കോയുടെ നാമനിർദേശം ചെയ്യപ്പെട്ട സൈറ്റും ആക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ അഗ്‌നിപർവത മേഖലകളിലൊന്നായ ഹരത് ഖൈബർ പുനർവികസിപ്പിച്ചെടുക്കാനും ഈ സംരംഭം പദ്ധതിയിടുന്നു. അറേബ്യൻ പുള്ളിപ്പുലിയടക്കമുള്ള അപൂർവ വന്യജീവികളെ സംരക്ഷിക്കുന്നതിനായി 25 ദശലക്ഷം ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്.
2022 ജൂണിൽ കഴിഞ്ഞ 90 വർഷത്തിനിടയിലെ ആദ്യത്തെ കാട്ടു അറേബ്യൻ ഓറിക്‌സിന്റെ ജനനത്തിന് സൗദി സാക്ഷ്യം വഹിച്ചു. ഓറിക്സിന്റെ തിരിച്ചുവരവ് അതിന്റെ സ്വാഭാവിക പ്രജനനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്കും ജൈവ വൈവിധ്യത്തിന്റെ സമ്പുഷ്ടീകരണത്തിനും സംഭാവന നൽകുന്ന ഒരു പാരിസ്ഥിതിക നേട്ടത്തെ പ്രതിനിധീകരിക്കുന്നു. റോയൽ റിസർവിൽ 282 ഇനം മൃഗങ്ങളുണ്ട്. സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, ഉഭയജീവികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വന്യജീവികളെ സംരക്ഷിക്കുന്നതിനായി രാജ്യം 82,700 ചതുരശ്ര കിലോമീറ്റർ ഭൂമിയും നിശ്ചയിച്ചിട്ടുണ്ട്. മരുഭൂമികൾ, വനങ്ങൾ, പർവതങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭൂപ്രകൃതികളെ ഈ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു. അറേബ്യൻ പെനിൻസുലയിൽ മാത്രം കാണപ്പെടുന്ന 55 സ്പീഷിസുകൾ ഉൾപ്പെടെ 500 ഇനം സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനായി 2025 ഓടെ 977 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 10 ജൈവ വൈവിധ്യ ഹോട്ട് സ്‌പോട്ടുകൾ നിശ്ചയിക്കാനും രാജ്യം ലക്ഷ്യമിടുന്നു.
2030 ഓടെ ലോകത്തെ സമുദ്രങ്ങളുടെ 30 ശതമാനമെങ്കിലും സംരക്ഷിക്കാൻ സജ്ജമായ ഗ്ലോബൽ ഓഷൻ അലയൻസിന്റെ ഭാഗമാകുന്ന ചുരുക്കം അറബ് രാജ്യങ്ങളിൽ ഒന്നാണ് സൗദി. കര ലക്ഷ്യങ്ങൾക്കു പുറമെ, 2024 ഓടെ റീഫ് പുനരുജ്ജീവന സംരംഭം ആരംഭിക്കാനും 2030 ഓടെ 100 ദശലക്ഷം കണ്ടൽകാടുകൾ നട്ടുപിടിപ്പിക്കാനും 2025 ഓടെ കടലാമ സംരക്ഷണ കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. വൈവിധ്യമാർന്ന ഈ പദ്ധതികളിലൂടെ 2030 ആകുമ്പോഴേക്കും ലോകത്തെ പരിസ്ഥിതി സംരക്ഷിത രാജ്യങ്ങളുടെ മുൻനിരയിലേക്ക് സൗദി എത്തുമെന്നാണ് പ്രതീക്ഷ.