ബാഴ്‌സലോണ - പത്തു പേരുമായി പൊരുതി എൽക്ലാസിക്കോയിൽ 2-2 സമനില സമ്പാദിച്ച ബാഴ്‌സലോണ അജയ്യരായി ഈ സീസൺ അവസാനിപ്പിച്ച് അപൂർവ റെക്കോർഡിലേക്ക്. ഇനി മൂന്നു കളികളാണ് ബാഴ്‌സലോണക്ക് അവശേഷിക്കുന്നത്, വിയ്യാറയലിനും റയൽ സൊസൈദാദിനുമെതിരെ ഹോം മത്സരങ്ങളും ലെവാന്റെക്കെതിരെ എവേ മത്സരങ്ങളും. റയൽ മഡ്രീഡിനെതിരായ അതിശക്തമായ കടമ്പ കടന്നതോടെ ബാഴ്‌സലോണ റെക്കോർഡ് സ്വന്തമാക്കുമെന്നു തന്നെയാണ് കരുതേണ്ടത്. 82 വർഷം മുമ്പ് 18 ലീഗ് മത്സരങ്ങൾ മാത്രമുള്ള ഘട്ടത്തിൽ റയലാണ് അവസാനമായി അപരാജിതരായി സീസൺ പൂർത്തിയാക്കിയത്. ഇപ്പോൾ സീസണിൽ 38 മത്സരങ്ങളുണ്ട്.
ആൾബലം കുറഞ്ഞിട്ടും രണ്ടാം പകുതിയുടനീളം പൊരുതി റയലിനെതിരെ വിജയത്തിനടുത്തെത്തിയിരുന്നു ബാഴ്‌സലോണ. കാലം തെറ്റി വന്ന എൽക്ലാസിക്കൊ കാറ്റൊഴിഞ്ഞ ബലൂണാവുമെന്നാണ് പലരും കരുതിയത്. ബാഴ്‌സലോണ സ്പാനിഷ് ലീഗും കോപ ഡെൽറേയും നേടിക്കഴിഞ്ഞിരുന്നു. റയൽ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിനുള്ള ഒരുക്കത്തിലാണ്. പക്ഷെ നൗകാമ്പ് കണ്ടത് ഈ സീസണിലെ തന്നെ ഏറ്റവും ആവേശം നുരഞ്ഞ പോരാട്ടമാണ്. കളിയും കൈയാങ്കളിയും ചുവപ്പ് കാർഡും ഗോളുകളും തുടങ്ങി എല്ലാ ചേരുവകളും ചേർന്ന സ്പാനിഷ് വിരുന്ന്. ഒരു സമനിലയെ ബാഴ്‌സലോണ ഇത്രമേൽ ഹൃദ്യമായി സ്വീകരിച്ചിട്ടുണ്ടാവില്ല.
രണ്ടു തവണ ബാഴ്‌സലോണ മുന്നിലെത്തി. പത്താം മിനിറ്റിൽ ലൂയിസ് സോറസ് ഗോളടിച്ചു. ഗോളിലേക്കുള്ള വഴിയിൽ റയൽ ഡിഫന്റർ റഫായേൽ വരാനെ സോറസ് ഫൗൾ ചെയ്തത് റഫറി ശ്രദ്ധിച്ചില്ല. അഞ്ചു മിനിറ്റിനകം ക്രിസ്റ്റിയാനൊ ഗോൾ മടക്കിയതോടെ റയലിന്റെ താണ്ഡവമായി. നൗകാമ്പിലെ കോട്ട ഏതു നിമിഷവും നിലംപതിക്കുമെന്ന് തോന്നി. കളി പരുക്കനായി. ഗോളടിക്കുന്നതിനിടെ പരിക്കേറ്റ ക്രിസ്റ്റ്യാനൊ ഇടവേളക്കു ശേഷം തിരിച്ചുവന്നില്ല. സാമുവേൽ ഉംറ്റിറ്റിയെ ചവിട്ടിയ ഗാരെത് ബെയ്ൽ ചുവപ്പ് കാർഡ് കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. റഫറി അതു കണ്ടതേയില്ല. പകരം ആദ്യ പകുതിയുടെ അവസാന സെക്കന്റുകളിൽ ബാഴ്‌സലോണയുടെ സെർജി റോബർടൊ നേരിട്ട് ചുവപ്പ് കാർഡ് കണ്ടു. പന്തില്ലാത്ത സമയത്ത് മാഴ്‌സെലോയെ ഇടിച്ചതിനായിരുന്നു ശിക്ഷ.
പക്ഷെ പത്തു പേരുമായി രണ്ടാം പകുതിയിൽ ബാഴ്‌സലോണ ഇരമ്പിക്കയറി. അമ്പത്തിരണ്ടാം മിനിറ്റിൽ ഒറ്റക്കുള്ള കുതിപ്പിൽ മെസ്സി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. സീസണിലെ ഇരുപത്താറാം ഗോൾ. പിന്നീട് കിട്ടിയ നിരവധി അവസരങ്ങൾ ബാഴ്‌സലോണ തുലച്ചില്ലായിരുന്നുവെങ്കിൽ വിജയവുമായി തന്നെ അവർക്ക് കളം വിടാമായിരുന്നു. സോറസ് വലയിൽ പന്തെത്തിച്ചെങ്കിലും തലനാരിഴക്ക് ഓഫ്‌സൈഡായി. എഴുപത്തിരണ്ടാം മിനിറ്റിൽ ബെയ്‌ലിന്റെ കിടിലൻ ഷോട്ടിലൂടെ റയൽ സമനിലയുടെ അഭിമാനം വീണ്ടെടുത്തു. അതോടെ റയൽ വിജയത്തിനായി പൊരുതി. ബാഴ്‌സലോണ ധീരമായി ചെറുത്തു.
എട്ട് മഞ്ഞക്കാർഡ്, മെസ്സിക്കും ബെയ്‌ലിനുമുൾപ്പെടെ. ഒരു ചുവപ്പ് കാർഡ്, എണ്ണമറ്റ ഉരസലുകളും പൊട്ടിത്തെറികളും, ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളിൽ ബാഴ്‌സലോണയുടെ നെൽസൺ സമേദൊയുടെ ഡൈവിംഗ് ഹെഡർ അൽപമൊന്ന് ലക്ഷ്യം തെറ്റുന്നതു വരെ കാണികളെ മുൾമുനയിൽ നിർത്തി എൽക്ലാസിക്കൊ.