ഹൈദരാബാദ് - അഞ്ച് വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറിൽ 19 റൺസ് നേടാനാവാതെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഐ.പി.എല്ലിൽ നിന്ന് പുറത്തായി. ജയം അനിവാര്യമായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് അവർ അഞ്ചു റൺസിന് തോറ്റു. അവസാന പന്തിൽ സിക്‌സർ വേണമെന്നിരിക്കെ പൊരുതിനിന്ന കോളിൻ ഡി ഗ്രാൻഡോമിനെ (29 പന്തിൽ 33) ഭുവനേശ്വർകുമാർ ബൗൾഡാക്കുകയായിരുന്നു. സ്‌കോർ: ഹൈദരാബാദ് 146, ബാംഗ്ലൂർ ആറിന് 141.
പെയ്‌സ്ബൗളർമാരുടെയും പ്രതിസന്ധി ഘട്ടത്തിൽ രക്ഷകനായ കോളിൻ ഗ്രാൻഡോമിന്റെയും മിന്നുന്ന പ്രകടനം ബാംഗ്ലൂരിന് വിജയം നൽകുമെന്ന തോന്നിച്ചതായിരുന്നു. അവസാന ഓവറിൽ 12 റൺസ് മതിയായിരുന്നു അവർക്ക് ജയിക്കാൻ. എന്നാൽ മൻദീപ് സിംഗിനും ഗ്രാൻഡോമിനും ആറ് റൺസ് മാത്രമാണ് ഭുവനേശ്വർ അനുവദിച്ചത്.
ഹൈദരാബാദിനെ ചെറിയ സ്‌കോറിലൊതുക്കിയ ശേഷം ബാംഗ്ലൂരിന്റെ മറുപടി സുഗമമായിരുന്നില്ല. ഓപണർമാരായ പാർഥിവ് പട്ടേലിനെ (13 പന്തിൽ 20) ശാഖിബുൽ ഹസൻ വിക്കറ്റിനു മുന്നിൽ കുടുക്കുകയും മനൻ വോറയെ (8) സന്ദീപ് ശർമ ബൗൾഡാക്കുകയും ചെയ്യുമ്പോൾ ഏഴോവറിൽ 60 ആയിരുന്നു ബാംഗ്ലൂരിന്റെ സ്‌കോർ. പിന്നീട് ക്യാപ്റ്റൻ വിരാട് കോഹ്‌ലി (30 പന്തിൽ 39) പോരാട്ടം നയിച്ചെങ്കിലും എബി ഡിവിലിയേഴ്‌സിനെ (5) റാഷിദ് ഖാൻ ബൗൾഡാക്കി. അവസരം കിട്ടിയ മുഈൻഅലിയും (10) എളുപ്പം പുറത്തായി. പന്ത്രണ്ടോവറിൽ അഞ്ചിന് 84 ൽ ബാംഗ്ലൂർ പരാജയം മുന്നിൽ കണ്ടു. കോളിൻ ഡി ഗ്രാൻഡോമാണ് റാഷിദിനെ ഇരട്ട സിക്‌സറിനുയർത്തി തിരിച്ചടി തുടങ്ങിയത്. അവസാന രണ്ടോവറിൽ 19 റൺസ് മതിയായിരുന്നു ബാംഗ്ലൂരിന് ജയിക്കാൻ.
ശാഖിബുൽ ഹസന്റെ ഓൾറൗണ്ട് പ്രകടനമാണ് ചെറിയ സ്‌കോർ കണ്ട കളിയിൽ ഹൈദരാബാദിന്റെ വിജയത്തിന് നിദാനം. സ്‌കോറിന്റെ സിംഹഭാഗവും അടിച്ചത് ക്യാപ്റ്റൻ കെയ്ൻ വില്യംസനും (39 പന്തിൽ 56) ശാഖിബുൽ ഹസനുമാണ് (32 പന്തിൽ 35). ഇവരെ കൂടാതെ രണ്ടക്കത്തിലെത്തിയത് ഓപണർ ശിഖർ ധവാനും (19 പന്തിൽ 13) യൂസുഫ് പഠാനും (7 പന്തിൽ 12) മാത്രം. മുഹമ്മദ് സിറാജും (4-0-25-3) ടിം സൗത്തീയും (4-0-30-3) ആറ് വിക്കറ്റ് പങ്കുവെച്ചു. ഇന്നിംഗ്‌സിലെ അവസാന പന്തിൽ ഹൈദരാബാദ് ഓളൗട്ടായി.
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യൂസുഫ് പഠാനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ മുഹമ്മദ് സിറാജ്
ബൗൾഡാക്കുന്നു.