Sorry, you need to enable JavaScript to visit this website.

കുട്ടികൾ സ്‌കൂൾ വിടും മുമ്പേ അധ്യാപകർ സ്ഥലം വിടുന്നു; പരാതിയുമായി നാട്ടുകാർ

- വീട്ടുകാരെ പേടിപ്പിക്കാനാണ് സ്‌കൂളിൽ ഒളിച്ചിരുന്നതെന്ന് വിദ്യാർത്ഥിനി    
പാലക്കാട് - സ്‌കൂൾ വിട്ടിട്ടും വിദ്യാർത്ഥിനി വീട്ടിലെത്താത്ത സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് അലനെല്ലൂർ ജി.വി.എച്ച്.എസ് സ്‌കൂളിൽ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂൾ വിട്ട് വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് അധ്യാപകർ വീട്ടിൽ പോകുന്നുവെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതി. സ്‌കൂൾ ജീവനക്കാർ കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നും ഇവർ പറയുന്നു. 
 ഇന്ന് രാവിലെ സ്‌കൂൾ തുറക്കുന്നതിന് മുമ്പേ നാട്ടുകാരിൽ വലിയൊരു വിഭാഗം സ്‌കൂളിനും ഗേറ്റിനും മുമ്പിൽ തമ്പടിച്ചിരുന്നു. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
 ഇന്നലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കൈകൾ ബന്ധിച്ച നിലയിൽ സ്‌കൂളിന്റെ മൂന്നാം നിലയിൽ കണ്ടെത്തിയിരുന്നു. സ്‌കൂൾ വിട്ടിട്ടും കുട്ടി വീട്ടിലെത്താത്തിനെ തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതോടെയാണ് കുട്ടിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കൈകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. 
 ക്ലാസ് കഴിഞ്ഞിട്ടും വിദ്യാർത്ഥിനി സ്‌കൂളിൽ സ്വയം ഒളിച്ചിരുന്നതാണെന്നാണ് സംഭവം അന്വേഷിച്ച പോലീസ് പറയുന്നത്. ഓരോ ക്ലാസിലെയും അധ്യാപകർ സ്‌കൂൾ വിടുമ്പോൾ അതത് ക്ലാസിലെ എല്ലാ കുട്ടികളും ഇറങ്ങിയെന്ന് ഉറപ്പാക്കിയിരുന്നുവെങ്കിൽ ഇത്തരമൊരു ദുരനുഭവം ഉണ്ടാകുമായിരുന്നില്ലെന്ന് രക്ഷിതാക്കൾ ഓർമിപ്പിക്കുന്നു. സ്‌കൂൾ വിടും മുമ്പേ അധ്യാപകർ പോയാൽ സ്‌കൂളിൽ പലതും നടക്കും. അത്തരമൊരു അവസ്ഥ ഒരു പള്ളിക്കൂടത്തിനും ഉണ്ടായിക്കൂടെന്നും ഈയൊരു അനുഭവം സ്‌കൂൾ അധികൃതർക്കും മറ്റും ഒരുപാട് പാഠങ്ങൾ നൽകുന്നതായും നാട്ടുകാർ വ്യക്തമാക്കി.
 രാവിലെ വീട്ടുകാരോട് പിണങ്ങിയാണ് കുട്ടി സ്‌കൂളിലേക്ക് പോയിരുന്നതെന്നും വീട്ടുകാരെ പേടിപ്പിക്കാനാണ് താനിങ്ങനെ ചെയ്തതെന്നുമാണ് കുട്ടി പോലീസിന് നൽകിയ മൊഴി.

Latest News