Sorry, you need to enable JavaScript to visit this website.

സി.ഐ.സി വിവാദം; സമസ്ത വിശദീകരണ യോഗം ശനിയാഴ്ച

കോഴിക്കോട് - സി.ഐ.സി ജനറൽസെക്രട്ടറി പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരായ അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തിൽ വിശദീകരണ യോഗവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങൾ വിശദീകരിക്കാൻ നവംബർ 12ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് സംഘടന യോഗം വിളിച്ചിട്ടുള്ളത്. 
 മലപ്പുറം ജില്ലയിലെ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സമസ്തയുടെ നേതാക്കൾ പങ്കെടുക്കും. സമസ്തയുടെ എല്ലാ പോഷക സംഘടനകളുടെയും സംസ്ഥാന കൗൺസിലർമാർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പിലുള്ളത്.
   പുതിയ കാലത്തിന്റെ വിദ്യാഭ്യാസ പ്രതീക്ഷകൾക്കൊത്ത് വഫി, വാഫിയ്യ സ്ഥാപനങ്ങൾ അടക്കമുള്ള സി.ഐ.സി വിദ്യാഭ്യാസ കൂട്ടായ്മയിലൂടെ സംഘടനക്ക് അകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട വിദ്യാഭ്യാസ പ്രവർത്തകനാണ് പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി. അദ്ദേഹത്തെ ഇന്നലെ സമസ്തയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും നേതൃത്വം നീക്കിയിരുന്നു. ഇതോട് സംഘടനയുടെ പല തട്ടിലുള്ള പ്രവർത്തകർക്കും നേതാക്കൾക്കും പണ്ഡിതന്മാർക്കും കടുത്ത വിയോജിപ്പുകളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനാ കൂട്ടായ്മകളിൽ ഒന്നായ സമസ്തയുടെ നടപടിക്കെതിരെ സംഘടനക്ക് അകത്തുനിന്നുതന്നെ ശക്തമായ വിമർശം ഉയരുന്നതിനിടെയാണ് വിശദീകരണ യോഗം. 
 സി.ഐ.സിയുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം കോഴിക്കോട്ട് നടന്ന വഫി, വാഫിയ്യ സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനം സമസ്ത നേതാക്കളോട് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിട്ടും വൻ വിജയമായത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അതോടൊപ്പം സമസ്തയുടെ പണ്ഡിതരും പോഷക സംഘടനാ നേതാക്കളും പാണക്കാട് കുടുംബാംഗങ്ങൾ അടക്കമുള്ളവരും സമ്മേളനത്തിൽ സജീവമായി പങ്കെടുത്തതും സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വഫി, വാഫിയ്യ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങളും സംഘടനയുടെ രേഖാമൂലമുള്ള അംഗീകാരത്തോടെ വേണമെന്ന് സമസ്ത സർക്കുലറും ഇറക്കി. തുടർന്നാണ് സംഘടനാ വിലക്ക് ലംഘിച്ച നേതാക്കൾക്കോ പണ്ഡിതന്മാർക്കെതിരെയോ നടപടി എടുക്കാതെ ഒരാളെ മാത്രം ടാർജറ്റ് ചെയ്തതെന്നാണ് വിമർശം. എന്നാൽ ഇയാൾ സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് സമസ്തയുടെ കണ്ടെത്തൽ. തന്നെ പുറത്താക്കിയാലും സമസ്തയുടെ ആശയാദർശങ്ങൾ വിട്ട് ഞാൻ എവിടെയും പോകില്ലെന്നും തന്നോട് നേതൃത്വം വിശദീകരണം ചോദിച്ചില്ലെന്നുമാണ് ഹക്കീം ഫൈസി പറയുന്നത്.
 സംഘടനയിലെ ചിലരുണ്ടാക്കിയ ഈ അഭിപ്രായ ഭിന്നതയെ തെരുവിലേക്ക് വലിച്ചിഴച്ച് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കരുതെന്ന അഭിപ്രായമാണ് ബഹുഭൂരിപക്ഷത്തിനും ഉള്ളത്. സമസ്തയുടെയും ഇതിൽ കക്ഷിയായ മുസ്‌ലിം ലീഗിന്റെയും സി.ഐ.സിയുടെയും നേതാക്കൾ ഒരുമിച്ചിരുന്ന് പരിഹാരം കാണണമെന്നും ഇവർ നിർദേശിക്കുന്നു. 

Latest News