Sorry, you need to enable JavaScript to visit this website.

ദണ്ഡുകൊണ്ട് തലക്കടിയേറ്റ സമയവും സന്ദര്‍ഭവും ഗവര്‍ണര്‍ വിശദീകരിക്കണം-ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്- സംഘ്പരിവാര്‍ വിതച്ച വിദ്വേഷത്തിന്റെ വിത്ത് മനസ്സില്‍ വളരുമ്പോള്‍ അതിനനുസരിച്ച് പ്രസ്താവന നടത്താതെ ഗവര്‍ണര്‍ സ്വയം മാനസിക പാകത കൈവരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കായ തങ്ങള്‍ പറഞ്ഞു. ദല്‍ഹി ജാമിഅ മില്ലിയയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ദണ്ഡുകൊണ്ട് തന്റെ തലക്കടിച്ചുവെന്ന ഗവര്‍ണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിക്ക് ദല്‍ഹിയില്‍ യുവജനവിഭാഗമില്ലെന്നിരിക്കെ, തലക്കടിയേറ്റ സമയയവും സന്ദര്‍ഭവും അദ്ദേഹം വെളിപ്പെടുത്തണം. ആക്രമിക്കപ്പെട്ടിട്ടും പരാതി നല്‍കാതിരുന്നത് ഗവര്‍ണര്‍ക്ക് ദല്‍ഹി പോലിസില്‍ പോലും വിശ്വാസമില്ലാത്തതിനാലാവും. കേരളത്തിലെ സംഘ്പരിവാര്‍ ഘടകങ്ങളോട് മാത്രമല്ല, കേരളത്തിലേക്കയക്കുന്നവരുടെയും ദുര്‍ഗതിയോര്‍ത്ത് അവരുടെ ദേശീയ നേതൃത്വം വിലപിക്കുന്നുണ്ടാകുമെന്നും വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ കടുത്ത ശത്രുക്കള്‍പോലും ഇന്നുവരെ പറഞ്ഞിട്ടില്ലാത്ത ആരോപണമാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിക്കുന്നത്. ഇതിലൂടെ അദ്ദേഹം സ്വയം അപഹാസ്യനാവുകയാണ്.
ശരീഅത്ത് വിവാദകാലത്ത് സംഘ്പരിവാര്‍ അജണ്ടയുമായി കേരളത്തിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ആശയപരമായി തടയിട്ടതിന്റെ വെറുപ്പ് അദ്ദേഹത്തിന് ഇപ്പോഴുമുള്ളതിനാലാവും ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നുണപ്രചാരണങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest News