റിയാദ് - വൊഡാഫോൺ കമ്പനിക്കു കീഴിൽ യൂറോപ്പിലെ മൊബൈൽ ഫോൺ ടവർ വിഭാഗം സ്വന്തമാക്കുന്നതിൽ പങ്കാളിത്തം വഹിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആലോചിക്കുന്നു. പത്തു യൂറോപ്യൻ രാജ്യങ്ങളിലായി വൊഡാഫോൺ കമ്പനിക്കു കീഴിൽ 83,000 ടവറുകളാണുള്ളത്. വൊഡാഫോൺ മൊബൈൽ ഫോൺ ടവർ വിഭാഗത്തിന്റെ മൂല്യം 1,480 കോടി യൂറോ ആയാണ് കണക്കാക്കുന്നത്.
മൊബൈൽ ഫോൺ ടവർ യൂനിറ്റ് സ്വന്തമാക്കുന്ന ഇടപാട് പൂർത്തിയാക്കാൻ കെ.കെ.ആർ, ഗ്ലോബൽ ഇൻഫ്രാടെക്ചർ പാർട്‌ണേഴ്‌സ് കമ്പനികളാണ് മുന്നിലുള്ളത്. സ്പാനിഷ് കമ്പനിയായ സെൽനെക്‌സും ടെണ്ടർ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സെൽനെക്‌സിനെക്കാൾ ഉയർന്ന തുകയാണ് കെ.കെ.ആർ, ഗ്ലോബൽ ഇൻഫ്രാടെക്ചർ പാർട്‌ണേഴ്‌സ് കമ്പനികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഇടപാട് പൂർത്തിയാക്കാൻ ആവശ്യമായ നിക്ഷേപത്തിൽ ഒരു ഭാഗം വഹിച്ച് ഇതിൽ പങ്കാളിത്തം വഹിക്കാനാണ് പി.ഐ.എഫ് ആലോചിക്കുന്നത്.
ഖത്തർ ടെലികോം കമ്പനിയായ ഓറീഡോയുടെ മൊബൈൽ ഫോൺ ടവറുകൾ വാങ്ങാനും പി.ഐ.എഫിന് നീക്കമുണ്ട്. ഓറീഡോ കമ്പനിക്കു കീഴിൽ 20,000 ടവറുകളാണുള്ളത്. 300 കോടി ഡോളർ മുതൽ 500 കോടി ഡോളർ വരെയാണ് ഇവയുടെ മൂല്യം കണക്കാക്കുന്നത്. സൗദി ടെലികോം കമ്പനിക്കു കീഴിലെ മൊബൈൽ ഫോൺ ടവർ വിഭാഗത്തിലെ ഭൂരിഭാഗം ഓഹരികൾ വാങ്ങാനുള്ള ഓഫർ കഴിഞ്ഞ മാസം പി.ഐ.എഫ് മുന്നോട്ടുവെച്ചിരുന്നു. സൗദിയിൽ സെയ്ൻ ടെലികോം കമ്പനിക്കു കീഴിലെ ടവറുകൾ സ്വന്തമാക്കുന്ന ഇടപാട് അടുത്തിടെയാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പൂർത്തിയാക്കിയത്.
അതേസമയം, ഇംഗ്ലീഷ് ക്ലബ്ബ് ആയ ന്യൂകാസിൽ യുനൈറ്റഡിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് 70.4 ദശലക്ഷം സ്റ്റെർലിംഗ് പൗണ്ട് കൂടി നിക്ഷേപം നടത്തുമെന്ന് അമേരിക്കൻ ന്യൂസ് ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മറ്റു നിക്ഷേപകരുമായി ചേർന്നാണ് ക്ലബ്ബിൽ പി.ഐ.എഫ് പുതിയ നിക്ഷേപങ്ങൾ നടത്തുക. ഇതോടെ ക്ലബ്ബിൽ ഉടമകളുടെ ആകെ നിക്ഷേപം 45 കോടി സ്റ്റെർലിംഗ് പൗണ്ട് ആയി ഉയരും.