തൃശൂര്‍- രണ്ടു മാസം കൊണ്ടു കാഴ്ചയും കേള്‍വിയും ചലനശേഷിയും നഷ്ടപ്പെട്ട് ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുകയാണ് 22 വയസ്സുകാരി പ്രവീണ. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ ഐസിയുവില്‍ കഴിയുന്ന പ്രവീണയുടെ രോഗം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സാധ്യതയുള്ള രോഗങ്ങളുടെ പരിശോധനകളെല്ലാം നെഗറ്റീവാണ്. പക്ഷേ, കാഴ്ചയും സംസാരശേഷിയും പോലെ ഓരോന്നും ദിനംപ്രതി കൈവിട്ടുപോകുന്നു.
നടത്തറ ആശാരിക്കാട് തറയില്‍ വീട്ടില്‍ മുരളീധരന്റെയും ലളിതയുടെയും മകളാണ് പ്രവീണ.
പെട്ടെന്നൊരു ദിവസം കണ്ണിനു വേദനയും മങ്ങലുമാണ് അനുഭവപ്പെട്ടത്്. പിറ്റേന്നു കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതിനു ചികിത്സയിലിരിക്കെ ഒരു ദിവസം ശബ്ദം ഇടറിത്തുടങ്ങി. രണ്ടു ദിവസംകൊണ്ടു സംസാരശേഷിയും ഇല്ലാതായി. മൂളല്‍ മാത്രം. അഞ്ചു ദിവസമായി നടക്കാന്‍പോലും കഴിയുന്നില്ല. ഭക്ഷണവും വെള്ളവും ട്യൂബിലൂടെയാണ് നല്‍കുന്നത്.
ന്യൂറോമൈലിറ്റിസ് ഒപ്റ്റിക്ക എന്ന അപൂര്‍വ രോഗമെന്ന നിഗമനത്തിലാണു ചികിത്സ. പക്ഷേ, ഈ പരിശോധനയുടെ ഫലവും നെഗറ്റീവാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഞരമ്പുകള്‍ക്കും തലച്ചോറിനും നാശം സംഭവിക്കുന്നതായും സംശയമുണ്ടെന്നും കാന്‍സര്‍ സാധ്യതയും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ആശാരിപ്പണിയാണ് അച്ഛന്‍ മുരളീധരന്. അമ്മ ലളിത തുണിക്കടയില്‍ ജോലിക്കു പോയിരുന്നു. കാഴ്ച തിരികെ കിട്ടാനായിരുന്നു ചികിത്സ തുടങ്ങിയതെങ്കിലും ഇപ്പോള്‍ അതു ജീവനെങ്കിലും തിരിച്ചു കിട്ടാനുള്ള നെട്ടോട്ടമായി.
ഏതു രോഗമാണന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഉള്ളതെല്ലാം വിറ്റായാലും ചികിത്സിക്കാമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുമ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്കും നൊമ്പരമാകുന്നു.