മദീന - ഈ വര്‍ഷം (ഹിജ്‌റ 1444) ആദ്യത്തെ മൂന്നു മാസത്തിനിടെ മസ്ജിദുന്നബവി റൗദ ശരീഫില്‍ 34,22,397 പേര്‍ നമസ്‌കാരം നിര്‍വഹിച്ചതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. മുഹറം, സ്വഫര്‍, റബീഉല്‍അവ്വല്‍ മാസങ്ങളില്‍ 11,49,364 പുരുഷന്മാരും 22,73,033 വനിതകളുമാണ് പെര്‍മിറ്റുകള്‍ നേടി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിച്ചത്. ഇക്കാലയളവില്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ 41,25,257 പേര്‍ സിയാറത്ത് നടത്തി. മസ്ജിദുന്നബവി മുറ്റങ്ങളില്‍ വികലാംഗര്‍ക്കും പ്രായംചെന്നവര്‍ക്കും രോഗികള്‍ക്കും മറ്റും വേണ്ടി ഏര്‍പ്പെടുത്തിയ ഇലക്ട്രിക് കാര്‍ട്ടുകളുടെ സേവനം മൂന്നു മാസത്തിനിടെ 2,80,000 ലേറെ പേര്‍ക്ക് ലഭിച്ചു. ഇക്കാലയളവില്‍ മസ്ജിദുന്നബവിയില്‍ 8,25,000 ലേറെ പേക്കറ്റ് ഇഫ്താറുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ മസ്ജിദുന്നബവിയില്‍ എയര്‍കണ്ടീഷനിംഗ് സംവിധാനം വഴി താപനില 21 ഡിഗ്രി മുതല്‍ 24 ഡിഗ്രി വരെയായി നിലനിര്‍ത്തി.
പ്രവാചക പള്ളിയില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രമാണ് നിലവില്‍ മുന്‍കൂട്ടി പെര്‍മിറ്റ് നേടേണ്ടത്. പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലാനും മസ്ജിദുന്നബവിയില്‍ റൗദ ശരീഫ് ഒഴികെയുള്ള മറ്റു ഭാഗങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കാനും മുന്‍കൂട്ടി പെര്‍മിറ്റുകള്‍ നേടേണ്ടതില്ല.