മലപ്പുറം- സമസ്തയിൽനിന്ന് പുറത്താക്കിയാലും മരണം ഇ.കെ വിഭാഗം സമസ്തയോടൊപ്പം നിലയുറപ്പിക്കുമെന്ന് ഹക്കീം ഫൈസി ആദൃശേരി. തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെന്നും ഹക്കീം ഫൈസി പറഞ്ഞു. ഇ.കെ വിഭാഗം സമസ്തയെ സൈദ്ധാന്തികമായി സ്വീകരിച്ചയാളാണ് താൻ. മുഖ്യധാര മുസ്്‌ലിം സമൂഹത്തോടൊപ്പമാണ് ഏത് കാലത്തും നിലനിൽക്കുകയെന്നും ഹക്കീം ഫൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്രസമ്മേളനത്തിനിടെ പലപ്പോഴും ഹക്കീം ഫൈസിയുടെ കണ്ഠമിടറി. ഇവിടെ ഒരു കക്ഷി ഉള്ളതുകൊണ്ട് അവർക്കൊപ്പം ചേർന്നതൊന്നുമല്ല. സൈദ്ധാന്തികമായി തന്നെ സമസ്തയോടൊപ്പം ചേർന്നത്. ഇ.കെ വിഭാഗത്തിന്റെ ആശയങ്ങളാണ് ലോകത്താകമാനം പടരേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരാളാണ്. സമസ്തയോടൊപ്പം പ്രവർത്തിക്കും. അതിന് സാധ്യമല്ലെങ്കിൽ അടുത്തുള്ള പള്ളിയുണ്ട്. ആ പള്ളിയിൽ പൂർവ്വപിതാക്കൾ അന്തിയുറങ്ങുന്നുണ്ട്. അവിടെ പ്രാർത്ഥനയുമായി കൂടും.
ഇ.കെ ഉസ്താദിന്റെയും കോട്ടുമല ഉസ്താദിന്റെയും മുന്നിലിരുന്ന് പഠിച്ചയാളാണ്. അവരുടെ ഗുരുത്വം ലഭിച്ചയാളാണ്. ആ മാർഗത്തിൽ തന്നെ തുടരും. എന്നെ പുറത്താക്കി എന്നു വിചാരിച്ച് എന്റെ ആദർശത്തെയോ ഗുരുനാഥൻമാരെയോ ഇല്ലാതാക്കാൻ കഴിയില്ല.
സമസ്തയോട് എപ്പോഴും സംസാരിക്കാൻ തയ്യാറാണ്. സംസാരിക്കാൻ മാത്രമല്ല, കാലുപിടിക്കാൻ ഒരുക്കമാണ്. പക്ഷെ എന്നെ കേൾക്കാൻ പോലും തയ്യാറായില്ല. അതിരാവിലെ എഴുന്നേറ്റാൽ രാത്രി പന്ത്രണ്ടുമണി വരെ ജോലി ചെയ്യുന്നയാളാണ്. എനിക്കെതിരെ ആരോപണമുണ്ടായാൽ അത് എന്താണെന്ന് എന്നോട് ചോദിക്കണം. അതിന് തയ്യാറായില്ല. പട്ടാളക്കോടതിയിൽ വരെ ഇങ്ങിനെയല്ല രീതി. സമസ്തയിൽനിന്ന് പുറത്താക്കി എന്ന് വിചാരിച്ച് സി.ഐ.സിയിൽനിന്ന് പുറത്താകില്ല. അതൊരിക്കലും സമസ്തയുടെ ഭാഗമല്ല. സി.ഐ.സിയുടെ ഭാഗമായി സമസ്തയുമായി ചർച്ച നടന്നിട്ടുണ്ട്. കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാൽനൂറ്റാണ്ടു കാലമായി കുറച്ചാളുകൾ എനിക്ക് പിന്നിലുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. വ്യക്തിപരമായി ഞാൻ സുന്നി വിരുദ്ധനാണ് എന്നാണ് പറയുന്നത്. അങ്ങിനെയെങ്കിൽ 4,000ത്തിലേറെ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ പഠിപ്പിച്ച നിരവധി ശിഷ്യൻമാർ ഇപ്പോഴും വിദ്യാർഥികളെ പഠിപ്പിക്കുന്നുണ്ട്. ഒരിക്കലും സമസ്തയിൽനിന്ന് ഇറങ്ങിപ്പോകില്ലെന്നും ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു. സി.ഐ.സിയുമായി സമസ്തക്കുണ്ടായിരുന്ന മുഴുവൻ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. തീർപ്പായ പ്രശ്‌നത്തിന്റെ പേരിലാണ് നടപടി. പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് സമസ്ത മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. പ്രായോഗികമായി ഉൾക്കൊള്ളാൻ പറ്റാത്ത വിഷയങ്ങളിൽ സമസ്ത നേതൃത്വവുമായി നിരവധി തവണ സംസാരിക്കുകയും ചെയ്തു. എല്ലാം പ്രശ്‌നങ്ങളും തീർന്നുവെന്ന് സമസ്ത തന്നെ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തതാണ്. വാഫി ഫെസ്റ്റ് നടക്കുന്ന സമയത്ത് സാദിഖലി തങ്ങൾക്ക് വീണ്ടും സമസ്ത കത്തു നൽകി. ഫെസ്റ്റിൽ മുഴുകിനിൽക്കെ നേരത്തെ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഫെസ്റ്റിൽ പങ്കെടുക്കൂവെന്ന് സമസ്ത അറിയിച്ചു. എന്തുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത് എന്നറിയില്ല. അവർക്കും അല്ലാഹുവിനും മാത്രമേ അറിയൂവെന്നും ഹക്കീം ഫൈസി പറഞ്ഞു.