റിയാദ് - ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ സ്വകാര്യ മേഖലയില്‍ രണ്ടു ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. ജനുവരി മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലത്ത് 2,10,400 ഓളം സൗദികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സ്വകാര്യ മേഖല സ്വദേശികള്‍ക്ക് 80,000 തൊഴിലവസരങ്ങളാണ് നല്‍കിയത്. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ച സ്വദേശികളുടെ എണ്ണം 180 ശതമാനം തോതില്‍ വര്‍ധിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായ സൗദിവല്‍ക്കരണ പദ്ധതികളും ശക്തമായ സാമ്പത്തിക വളര്‍ച്ചയുമാണ് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചത്.
ഒമ്പതു മാസത്തിനിടെ സ്വകാര്യ മേഖല സ്വദേശികള്‍ക്ക് പുതുതായി സൃഷ്ടിച്ച തൊഴിലവസരങ്ങളില്‍ 63 ശതമാനവും വനിതകള്‍ക്കാണ് ലഭിച്ചത്. ഒമ്പതു മാസത്തിനിടെ 1,32,600 ഓളം സ്വദേശി വനിതകള്‍ക്ക് സ്വകാര്യ മേഖലയില്‍ പുതുതായി തൊഴിലുകള്‍ ലഭിച്ചു.