കണ്ണൂര്‍-ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിലേറിയ ശേഷം സമസ്ത മേഖലകളെയും കൈപ്പിടിയിലൊതുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കാനുള്ള തീരുമാനം. യൂനിവേഴ്‌സിറ്റികളിലടക്കം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള നീക്കത്തിന് ഗവര്‍ണര്‍ തടസ്സം നിന്നതാണ് ഇതിനു കാരണം. അതേ സമയം, ഗവര്‍ണറും തന്റെ അധികാരത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നു പിന്തിരിയണം. സി.പി.എം പറയുന്നതെല്ലാം ചെയ്യുന്ന കളിക്ക് ഗവര്‍ണര്‍ കൂട്ടുനിന്നതാണ് ഇന്നത്തെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഗവര്‍ണര്‍ അന്നു തന്നെ നിലപാട് എടുത്തിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവുമായിരുന്നില്ല. സുധാകരന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ കൂടി സഹകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, സി.പി.എമ്മിന്റെ ബി.ടീമല്ല കോണ്‍ഗ്രസ് എന്നായിരുന്നു സുധാകരന്റെ മറുപടി. കോണ്‍ഗ്രസിന് അതിന്റെതായ നിലപാടുകളും നയങ്ങളുമുണ്ട്. അതിനനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂ. ഇത് കോണ്‍ഗ്രസിന്റെ മാത്രമല്ല, യു.ഡി.എഫിന്റെ കൂടി തീരുമാനമാണ്. ഈ വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യും. ഏതെങ്കിലും പാര്‍ട്ടിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഇതിലെ രാഷ്ട്രീയ നിലപാട് അവരെ ബോധ്യപ്പെടുത്തും. നിയമസഭയില്‍ പ്രതിപക്ഷം ഈ നീക്കത്തെ ശക്തിയുക്തം ചെറുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ സമാന വിഷയത്തില്‍ കോണ്‍ഗ്രസ് സഹകരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, അവിടുത്തെയും, ഇവിടുത്തെയും സാഹചര്യം വ്യത്യസ്തമാണെന്നായിരുന്നു സുധാകരന്റെ മറുപടി. സി.പി.എം, ഏറ്റവും തറ രാഷ്ട്രീയം കളിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം രാഷ്ട്രീയമല്ല ഉള്ളത്. അതു കൊണ്ട് കേരളത്തെ തമിഴ്‌നാടുമായോ, മഹാരാഷ്ട്രയുമായോ, ബംഗാളുമായോ താരതമ്യം ചെയ്യേണ്ട. സുധാകരന്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് നിയമന കത്ത് നല്‍കിയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെച്ചേ മതിയാവൂ. മേയറുടെ പ്രായം കണക്കിലെടുത്ത് മാപ്പു പറയണമെന്ന തന്റെ അഭിപ്രായം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും. മേയര്‍ രാജി വെക്കുന്നില്ലെങ്കില്‍ നിയമ നടപടികളിലേക്ക് പോകുമെന്നും സുധാകരന്‍ വ്യക്തമാക്കി.