Sorry, you need to enable JavaScript to visit this website.

പാണക്കാട് കുടുംബത്തിന് പ്രഹരം; ഹക്കീം ഫൈസിയെ സ്ഥാനങ്ങളിൽനിന്ന് നീക്കി സമസ്ത

കോഴിക്കോട് - കോ-ഓർഡിനേഷൻ ഓഫ് ഇസ് ലാമിക് കോളേജസ് ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ സമസ്തയുടെ നടപടി. സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ നീക്കിയതായി സംഘടന വ്യക്തമാക്കി.
  സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. ഇന്ന് ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമായിരുന്നു ഹക്കീം ഫൈസി. 
 സി.ഐ.സി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലി സമസ്തയും സി.ഐ.സിയും ഇടഞ്ഞിരുന്നു. ഹക്കീം ഫൈസി ജനറൽസെക്രട്ടറിയായുള്ള സി.ഐ.സിയുടെ നേതൃത്വത്തിൽ ഈയിടെ കോഴിക്കോട്ട് നടന്ന വഫി, വാഫിയ്യ സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനം ബഹിഷ്‌കരിക്കാൻ സമസ്ത നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം ലംഘിച്ച് പാണക്കാട് കുടുംബാംഗങ്ങളും മുസ് ലിംലീഗ് നേതൃത്വവും സമ്മേളനത്തിൽ സജീവമായി പങ്കെടുത്തത് സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഹക്കീം ഫൈസിയുടെ നീക്കങ്ങൾക്ക് സമസ്തയുടെയും മുസ് ലിംലീഗിന്റെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. സമസ്തയുടെ വിലക്ക് ലംഘിച്ച പാണക്കാട് കുടുംബാംഗങ്ങൾക്കെതിരെയോ സമ്മേളനത്തിൽ പങ്കെടുത്ത സമസ്തയുടെ പോഷക സംഘടനാ നേതാക്കൾക്കെതിരെയോ മറ്റു പണ്ഡിതന്മാർക്കെതിരെയോ നടപടി എടുത്താൽ അത് വൻ പൊട്ടിത്തെറികൾക്ക് ഇടയാക്കും. അത്തരമൊരു സാഹചര്യത്തിലാണ് ഹക്കീം ഫൈസിക്കെതിരെയുള്ള അച്ചടക്ക നടപടി. ഇത് പാണക്കാട് കുടുംബാംഗങ്ങൾക്കടക്കമുള്ള സന്ദേശമായും അവർ വിലയിരുത്തുന്നു. വഫി, വാഫിയ്യ സനദ് ദാന സമ്മേളനശേഷം സ്ഥാപനങ്ങളിലെ മുഴുൻ നിയമനങ്ങളും രേഖാമൂലമുള്ള അംഗീകാരത്തോടെ വേണമെന്ന് സമസ്ത നേതൃത്വം സർക്കുലർ ഇറക്കിയിരുന്നു.

Latest News