മുപ്പതു കൊല്ലം മുമ്പ് ഇറങ്ങിയതാണ് ഫ്രാൻസിസ് ഫ്യൂക്കുയാമയുടെ 'ചരിത്രത്തിന്റെ അവസാനം' എന്ന പുസ്തകം. വായനക്കാരനെ കുറഞ്ഞൊന്നു ഞെട്ടിക്കാനും വിൽപന വീർപ്പിക്കാനും വേണ്ടി പ്രയോഗിച്ച നമ്പർ ആയിരുന്നു ആ തലക്കെട്ട് എന്ന് ചിലർ അന്ന് ആക്ഷേപിക്കുകയുണ്ടായി. അല്ലെങ്കിൽ, ചരിത്രത്തിന് തുടക്കവും ഒടുക്കവും ഉണ്ടാവുമോ? തുടക്കമാണെങ്കിൽ, അറിയപ്പെടുന്ന ചരിത്രത്തിന്റെ തുടക്കം എന്നു വേണമെങ്കിൽ പറയാം. ഒടുക്കത്തിന്റെ കാര്യത്തിൽ അതും പറ്റില്ല. ചരിത്രത്തിന്റെ അവസാനം സങ്കൽപിക്കണമെങ്കിൽ, കാലഗണനയുടെ അടിത്തറ തന്നെ പൊളിക്കേണ്ടിവരില്ലേ? ചുരുക്കിപ്പറഞ്ഞാൽ, ലോകം മുഴുവൻ രാഷ്ട്രീയാദർശമായി ജനാധിപത്യം സ്വീകരിക്കപ്പെടുമ്പോൾ, ആ വഴിക്കുള്ള പരീക്ഷണങ്ങളുടെ അവസാനമായി എന്നു പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുകയാണ് ഫ്യൂക്കുയാമ. ജനാധിപത്യത്തിനപ്പുറം പോയി പരീക്ഷിക്കാവുന്ന ഒരു ഭരണക്രമം ഇല്ല തന്നെ. ജനത്തിന്റെ ഇഷ്ടം നോക്കി പ്രവർത്തിക്കുന്നതാകുന്നു പരമമായ ഹിതം. ജനത്തിന്റെ അപ്പപ്പോഴത്തെ അഭിരുചിയാകുന്നു ആത്യന്തികമായ നന്മ എന്നും പറയാം.
ഈ ചിന്താഗതിയുടെ പ്രതിഫലനം എല്ലാ തുറകളിലും കാണാം. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഓരോ പാർട്ടിയും പറയുന്നതു കേട്ടിട്ടില്ലേ? ജനം ഞങ്ങളുടെ ഒപ്പം നിൽക്കുന്നു. ജനങ്ങളുടെ കോടതിയിൽ ഞങ്ങൾ ജയിച്ചിരിക്കുന്നു. ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. ഞങ്ങളുടെ സംഭാവന ജനത്തെ ബോധ്യപ്പെടുത്താൻ കഴിയാതെ പോയി. അങ്ങനെ ജയത്തെയും പരാജയത്തെയും ജനനിർണയത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിക്കൊണ്ട് ഓരോരുത്തരും ഗീർവാണം ഒഴുക്കുന്നത് കേൾക്കാം. ഒരൊറ്റയാൾ പറയില്ല, 'ജനത്തിനു തെറ്റിപ്പോയി.' 'പൊതുജനം കഴുതയാകുന്നു' എന്ന വചനം സ്വകാര്യമായി പലരും പല്ലവി പോലെ വാരിയെറിയാറുണ്ടെങ്കിലും ആരും അത് ഉറക്കെ മൊഴിയില്ല. അവസാനത്തെ വാക്കാണ് ജനത്തിന്റേത്. അതാണ് സത്യം. അതേ പവിത്രം. ജനത്തിന്റെ ആധിപത്യത്തിനെതിരെ നില കൊള്ളുന്നവർ ചരിത്രത്തിന്റെ കൊച്ചുചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടും.
ജനത്തിന്റെ ഇഷ്ടമാണ് പരമമായ മൂല്യമെന്നു വന്നാൽ, അതു നടപ്പാക്കുന്ന സർക്കാർ പരമമായ പവിത്രതയായിരിക്കും. ജനം സർക്കാർ ആകുന്നു. അതിന്റെ വാക്കേ സത്യം, അതേ തികഞ്ഞ നന്മ. സർക്കാർ ചെയ്യുന്നതെല്ലാം വൈകിയും തെറ്റിയുമാകും എന്നു വിചാരിക്കുന്നവർ കുറവല്ല. സർക്കാരിനെപ്പറ്റിയല്ലെങ്കിലും, മറ്റൊരു സന്ദർഭത്തിൽ വൈലോപ്പിള്ളി പറഞ്ഞതു പോലെ, 'സമസ്തം വൈകിച്ചെയ്യലാണു നിൻ പരാജയം.' എന്ന് ആധുനിക സർക്കാരിനെപ്പറ്റിയും പറയാം. കടുത്ത ഭാഷയിൽ സംസാരിക്കുന്ന ഒരു പുരോഹിതനാണ് ജെറമിയ റൈറ്റ്. അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ജെറമിയക്ക്, ബരാക് ഒബാമയുമായി അടുപ്പം ഉണ്ടായിരുന്നു. ജെറമിയയുടെ വചനവും ഈണവും ചൂണ്ടിക്കാട്ടി ഒബാമയെ തോൽപിക്കാൻ ചിലർ പണിപ്പെട്ടിരുന്നു. ഫലിച്ചില്ല. അവർക്ക് ഇനിയും ഉദ്ധരിക്കാവുന്ന ഒരു ജെറമിയ വചനം ഇങ്ങനെ: സർക്കാരുകൾ നുണ പറയുന്നു! ഴീ്‌ലൃിാലിെേ ഹശല!.
ജനത്തിന്റെയും സർക്കാരിന്റെയും ഉഛൃംഖലത എടുത്തോതുന്ന സംഭവങ്ങളും സന്ദർഭങ്ങളും നമ്മൾ എന്നും പരിചയപ്പെട്ടു വരുന്നു. ഏറ്റവും ഒടുവിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉയർന്നുവന്നിട്ടുള്ള ഉദാഹരണമാണ് പൈതൃക സംരക്ഷണം. നാലു നൂറ്റാണ്ടു മുമ്പ് ഷാജഹാൻ ചക്രവർത്തി ദൽഹിയിൽ പണിത ചുവപ്പു കോട്ടയെയും മട്ടാഞ്ചേരിയിലെ ലന്ത കൊട്ടാരത്തെയും പറ്റിയാണ് വിവാദം. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നതാണ് ചുവപ്പുകോട്ടയിൽ ആണ്ടു തോറും അരങ്ങേറുന്ന വമ്പിച്ച ചടങ്ങ്. മുഗിള പൈതൃകത്തിന്റെ മഹിമയും ദൈന്യവും ഒരുപോലെ ഓർത്തെടുത്തുകൊണ്ട് വിനോദ സഞ്ചാരികൾ ദിനം തോറും അതിന്റെ കൊത്തളങ്ങളിലൂടെ കടന്നു പോകുന്നു. അതിന്റെ സംരക്ഷണവും പ്രദർശനവും ചരിത്രപരവും ധനപരവുമായ ഒരു ദൗത്യമാകുന്നു. അവിടവിടെ ബോർഡുകളും കമ്പിവേലികളും ഘടിപ്പിച്ച് ആർക്കിയോളജിക്കൽ സർവേയുടേ മേൽനോട്ടത്തിൽ കഴിഞ്ഞാൽ മതിയോ ചുവപ്പു കോട്ട? പ്രദർശനത്തിന്റെയും പ്രകടനത്തിന്റെയും പുതിയ തന്ത്രങ്ങളും യന്ത്രങ്ങളും അവിടെ പ്രയോഗിക്കാം. ചുവപ്പുകോട്ടയെ ഉള്ളിൽ കൊള്ളുന്ന ചരിത്രാനുഭവമാക്കാം, വരുമാനം വർധിപ്പിക്കാം. അതിനുള്ള സൗകര്യമോ സംവിധാനമോ ഉള്ള സ്ഥാപനമല്ല ആർക്കിയോളജിക്കൽ സർവേ. ആ ചുമതല സ്പഷ്ടവും സൂക്ഷ്മവുമായ കരാറിന്റെ അടിസ്ഥാനത്തിൽ ഒരു സർക്കാരിതര സ്ഥാപനത്തെ ഏൽപിച്ചാലെന്താ? ഗോശ്രീ സംസ്‌കൃതിയുടെ ഭംഗിയും ഭാവസാന്ദ്രതയും ചരിത്ര കുതുകികളെ പറഞ്ഞു മനസ്സിലാക്കാൻ സംസ്ഥാന സർക്കാരിന്റെ 'ഗൈഡുകളോ' ആർക്കിയോളജിക്കൽ സർവേയുടെ ബോർഡുകളോ മതിയാവില്ല. അവരുടെ അധികാരവും സർക്കാരിതര സ്ഥാപനങ്ങളുടെ പ്രാവീണ്യവും യോജിപ്പിച്ച് ഒരു ഏർപ്പാടുണ്ടാക്കിയാലെന്താ?
അയ്യയ്യോ, വേണ്ട. ആലോചന തുടങ്ങുമ്പോഴേക്കും വിവാദം പൊട്ടിയൊലിച്ചിരിക്കുന്നു. സർക്കാർ ഏജൻസികളോടുള്ള ആദരവ് കൊണ്ടല്ല, സർക്കാരിതര സ്ഥാപനങ്ങളോടുള്ള വൈരാഗ്യവും സംശയവും കാരണം ആ വഴിക്കുള്ള ചിന്തയെത്തന്നെ അടച്ചെതിർക്കുകയാണ് പല സാംസ്‌കാരിക നായകന്മാരും. പൈതൃകം സ്വകാര്യവൽക്കരിക്കപ്പെടുന്നുവെന്നാണ് പരാതി. സർക്കാരിന്റെ നിയന്ത്രണത്തിൽ അതു സുരക്ഷിതമാണെന്നും സ്വകാര്യവൽക്കരിക്കപ്പെട്ടാൽ ആപത്താണെന്നും നമ്മൾ ചിന്തിച്ചുശീലിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. സർക്കാരിതര സംരംഭമായാൽ കള്ളവും പൊളിയുമാകും എന്ന പ്രാഗ് ധാരണയാണ് അതിന്റെ അടിസ്ഥാനം. സർവം സർക്കാർ മയമാക്കിയാൽ സഫലവും സുരക്ഷിതവും ആകും എന്നാണ് സോഷ്യലിസത്തിന്റെ പൊടി പുരണ്ട വിശ്വാസം. വികസനത്തിന്റെ ഒരു ഘട്ടത്തിൽ സർക്കാരിന്, കാര്യക്ഷമമല്ലാതെയാണെങ്കിലും, പല സംരംഭങ്ങളും ഏറ്റെടുക്കേണ്ടി വരും.
അങ്ങനെയൊരു ഘട്ടത്തിലാണ് നെഹ്‌റു പറഞ്ഞത്, ധനവ്യവസ്ഥയുടെ നിയാമക ശൃംഗങ്ങളിൽ പൊതുമേഖലാ സംരംഭങ്ങൾ ഉണ്ടായിരിക്കണമെന്ന്. ആ ഘട്ടം കഴിഞ്ഞിട്ടും ധൂർത്തടിക്കാനും നഷ്ടം സഹിക്കാനുമായി പല പൊതുസരംഭങ്ങളും നില നിൽക്കണമെന്നുണ്ടോ? സ്വകാര്യ ഏജൻസി നടത്തിയാൽ, കൂടുതൽ കാര്യക്ഷമമാവുകയും ലാഭം നേടുകയും ചെയ്യുമെന്നുണ്ടെങ്കിൽ അങ്ങനെയാകണ്ടേ? സർക്കാർ ചെയ്യേണ്ടതും ചെയ്യാവുന്നതും മാത്രം ഏറ്റെടുക്കുകയാണ് ആരോഗ്യകരം. ഭരണകൂടത്തെ ഒരു കാലത്ത് സുരക്ഷ ഉറപ്പു വരുത്തുന്ന പോലീസ് സ്‌റ്റേറ്റ് ആയി കണ്ടിരുന്നു. പിന്നെ ലാത്തിയും തോക്കും പ്രയോഗിക്കുന്ന സ്ഥാപനം ആയാൽ പോരാ ഭരണകൂടം എന്ന നില വന്നു. ജനക്ഷേമ തൽപരമാകണം ഭരണകൂടം. അങ്ങനെ ക്ഷേമരാഷ്ട്രം ഉണ്ടായി. വെൽഫെയർ സ്‌റ്റേറ്റ്. പക്ഷേ ഓരോ പൗരനും പ്ലാവില കൊണ്ട് കഞ്ഞി കോരിക്കൊടുക്കുകയല്ല സ്‌റ്റേറ്റിന്റെ ദൗത്യമെന്നു മുദ്രാവാക്യം വിളിക്കാൻ ആരും ധൈര്യപ്പെട്ടില്ല, ഏറെക്കാലം. സർവം സർക്കാർ മയം എന്ന അർഥത്തിൽ, അമ്മയും അച്ഛനും ചമയാൻ സർക്കാർ മുതിരണം എന്ന വിചാരത്തിൽ, കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും നമ്മൾ ഒരു വികസന മന്ത്രം പെരുപ്പിച്ചെടുത്തു. ഹിന്ദിയിൽ മായ് ബാപ് സർക്കാർ എന്ന പ്രയോഗം പടർന്നു പിടിച്ചു. കമ്യൂണിസത്തിന്റെ അസ്‌ക്യത കൂടുതലുള്ള കേരളത്തിൽ ഏശിയില്ല.
സാമാന്യ ജനത്തിന് ആവശ്യമാകുകയും നഷ്ടം വരുത്തുമെന്ന് ഏറെക്കുറെ ഉറപ്പുണ്ടാകുകയും ചെയ്യുന്ന വ്യവസായവാണിജ്യ സംരംഭങ്ങൾ നടത്താൻ സർക്കാർ തന്നെ വേണ്ടി വരും. പക്ഷേ സ്വകാര്യനിർവഹണത്തിൽ ബസോടിച്ചാൽ നേരത്തെത്തുകയും നഷ്ടം ഒഴിവാകുകയും ചെയ്യുമെന്നുണ്ടെങ്കിൽ ആ ഭാരം സർക്കാർ എന്തിനു പേറണം? പഞ്ചനക്ഷത്ര ഹോട്ടൽ നടത്തി സ്വകാര്യ സ്ഥാപനം ലാഭം കൊയ്യുമ്പോൾ സാധാരണക്കാരന്റെ പാർട്ടിയുടെ സർക്കാർ എന്തിനു നഷ്ടത്തിൽ മുങ്ങുന്നു? ഇപ്പോൾ പൈതൃകസംരക്ഷണത്തിന്റെ കാര്യത്തിൽ ഉയർന്നിട്ടുള്ളതു പോലെ ഒരു വിവാദം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിനെ ചുറ്റിപ്പറ്റിയും പണ്ടുണ്ടായിരുന്നു. തൊഴിലാളിവർഗം ഉച്ചക്കഞ്ഞിക്കു പോകുന്ന സ്ഥലമല്ല മസ്‌കറ്റ് ഹോട്ടൽ. അവിടെ വരുന്നവരെ മൃഷ്ടാന്നം ഊട്ടാൻ സർക്കാർ ചെലവിൽ നടക്കുന്ന ഹോട്ടൽ വേണമെന്നില്ല. അതിന് ഒരു സ്വകാര്യസ്ഥാപനത്തെ ചുമതലപ്പെടുത്താൻ ആലോചന ഉണ്ടായി. സർക്കാരിന് ഒരു പൈസ ചെലവില്ലാതെ ഹോട്ടൽ നവീകരിക്കും; നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം, നഷ്ടമായാലും ലാഭമായാലും, സർക്കാരിനു കിട്ടും. ഹോട്ടലിന്റെ നിലവിലുള്ള കെട്ടിടവും സ്ഥലവും മറ്റും സർക്കാരിന്റെ നിക്ഷേപമായി കൂട്ടും. എന്തുകൊണ്ടും സർക്കാരിന് അനുകൂലമായ ആ സംവിധാനം നിലവിൽ വന്നില്ല. കാരണം തൊഴിലാളികൾ എതിർത്തു, മിക്ക പാർട്ടികളും പേടിച്ചു: 'സൂക്ഷിച്ചോളണേ, ഇതാ മസ്‌കറ്റ് ഹോട്ടൽ സ്വകാര്യവൽക്കരിക്കപ്പെടുന്നു....!'
സർക്കാർ ഏറ്റെടുത്തിട്ടുള്ള പല സംരംഭങ്ങളെയും ഈ വെളിച്ചത്തിൽ വിലയിരുത്തണം. ലളിതമായി പറഞ്ഞാൽ, വാണിജ്യസ്ഥാപനമാണെങ്കിൽ, ഒരു നിശ്ചിത ശതമാനം നീക്കിയിരുപ്പുണ്ടാകണം. ചെറിയൊരു ലാഭം ഉണ്ടാകണം. വാണിജ്യത്തിന്റയും ഉൽപന്നത്തിന്റെയും പ്രസക്തി സൂചിപ്പിക്കുന്നതാണ് ലാഭം. ലാഭമില്ലാതെ നടക്കുന്ന കച്ചവടം നിലനിന്നുപോരാൻ വേറെ എവിടെനിന്നെങ്കിലും പണം കവർന്നെടുക്കേണ്ടിവരുന്നു. അതിനെ ജനത്തിന്റെ പേരിൽ എഴുതിത്തള്ളിയാൽ ജനം കയ്യടിക്കുമായിരിക്കും. ആ കയ്യടിക്കുവേണ്ടി ചെവിയോർക്കാത്തവരാണ് ഉൽപതിഷ്ണുക്കളായ ഭരണകർത്താക്കൾ.
തുടക്കത്തിൽ ഉദ്ധരിച്ച ഫ്യൂക്കുയാമയുടെ ചരിത്രത്തിന്റെ അവസാനം എന്ന സിദ്ധാന്തം വരുന്നതിനെത്രയോ മുമ്പ് ഒർടേഗാ ഗാസെ എന്ന സ്പാനിഷ് ചിന്തകൻ, വരാനിരിക്കുന്ന അപകടത്തെപ്പറ്റി പറഞ്ഞിരുന്നു. ഭാവുകത്വത്തിന്റെ സാധാരണീകരണം എന്ന് അതു വിശേഷിപിക്കപ്പെട്ടു.
സാഹിത്യമായാലും, സയൻസായാലും, വ്യവസായമായാലും, എന്തും സാധാരണക്കാരന്റെ സാക്ഷ്യപത്രത്തോടെയേ ഇറങ്ങാൻ പറ്റുകയുള്ളൂ എന്നു നിഷ്‌കർഷിക്കപ്പെട്ടാൽ ഉണ്ടാകാവുന്ന പരമമായ മൂല്യച്യുതിയിലേക്കായിരുന്നു ഒർടേഗയുടെ വിരൽ ചൂണ്ടൽ. അങ്ങനെയൊരു ബഹുജനപ്രതിരോധം ആത്യന്തികമായി ജനത്തിനു തന്നെ ദ്രോഹകരമാകും. പക്ഷേ ചരിത്രം അവസാനിക്കുകയല്ലേ, അക്കാര്യത്തിലും നമുക്കെല്ലാ തീരുമാനങ്ങളും ജനത്തിനു വിടുക!