Sorry, you need to enable JavaScript to visit this website.

'മാണിക്യ മലരായ പൂവി നിമിത്തം.. 

പി.എം.എ. ജബ്ബാർ മലയാളം ന്യൂസ് ഓഫീസ് സന്ദർശിച്ചപ്പോൾ.

റിയാദ് മലാസിലെ ഒരു ബഖാലയിൽ പതിവായി വരുന്ന ഉപഭോക്താക്കളേയും വല്ലപ്പോഴും മാത്രം എത്തി നോക്കുന്ന ഏതാനും നാട്ടുകാരേയുമല്ലാതെ മറ്റാരുമായും ബന്ധപ്പെടാതെയും അധികമാരുടേയും ശ്രദ്ധയിൽ പെടാതെയും ഒതുങ്ങിക്കൂടിയിരുന്ന എനിക്ക് സുനാമി വന്നത് പോലെ പൊടുന്നനെ അംഗീകാരങ്ങളുടേയും അനുമോദനങ്ങളുടേയും കൊടുമുടിയിൽ എത്തിപ്പെടാൻ കഴിഞ്ഞു എന്നത് ഇപ്പോഴും അവിശ്വസനീയവും ആശ്ചര്യജനകവുമായി തോന്നുന്നു. ഒരു സിനിമയിലൂടെയാണെങ്കിൽ പോലും മലയാള സിനിമയിലെന്നല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ മുമ്പൊന്നുമില്ലാത്ത വിധം ഒരു ഗാനം ഇത്രയും വൈറൽ ആകാൻ കാരണമെന്തെന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
വളരെയധികം മാപ്പിളപ്പാട്ടുകൾ ഇതിന് മുമ്പും സിനിമയിൽ വന്നിട്ടുണ്ട്.
കണ്ണിറുക്കലിനേക്കാളും തീക്ഷ്ണമായതും വൈകാരികവുമായ പ്രണയ രംഗങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നിട്ടും അവയ്‌ക്കൊന്നും ലഭിക്കാത്ത അമിത പ്രാധാന്യവും പ്രചാരവും ഈ മാണിക്യമലരായ പൂവിക്ക് എന്തുകൊണ്ട് ലഭിച്ചു എന്ന് മനസ്സ് ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നു.
ജാതി മത ദേശ ഭാഷ ഭേദമെന്യേ എല്ലാ സംഗീതാസ്വാദകരും മാണിക്യ മലരായ പൂവിയെ നെഞ്ചേറ്റിയതും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയതും ചിലർ ആരോപിക്കും പോലെ ആ രംഗത്ത് കാണിക്കുന്ന പെൺകുട്ടിയുടെ കണ്ണിറുക്കൽ കൊണ്ട് മാത്രമാണെന്ന് തോന്നുന്നില്ല. 
എന്തോ ആകട്ടെ. നിനച്ചിരിക്കാതെ വന്നുചേർന്ന ഈ പ്രശസ്തിയുടെ പേരിൽ അംഗീകാരങ്ങളുടെയും ആദരവുകളുടെയും പെരുമഴ തന്നെയായിരുന്നു. റിയാദിലും ജിദ്ദയിലും ദുബായിലുമായി ഒരുപാട് വേദികൾ. അവാർഡുകൾ. അനുമോദനങ്ങൾ.
ടി.വി. ചാനൽ റേഡിയോ അഭിമുഖങ്ങൾ. പത്ര മാധ്യമങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ. അങ്ങനെ തിക്കും തിരക്കും ബഹളമയവുമായ ദിവസങ്ങൾ.
എന്റെ സ്വദേശമായ കരൂപ്പടന്ന നിവാസികളുടെ കൂട്ടായ്മയായ 'വെഡ്മ'യുടെ ആതിഥ്യം സ്വീകരിച്ച് ദുബായിൽ ചെലവഴിച്ച ഏതാനും ദിവസങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങിയതിന് പുറമെ ദുബായിൽ കൈരളി ചാനൽ സംഘടിപ്പിച്ച ഇശൽ ലൈല എന്ന മെഗാ ഷോയിൽ മെഗാ സ്റ്റാർ മമ്മുക്കയിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു.
കലാ സാംസ്‌കാരിക സാമൂഹിക രംഗത്തെ അനേകം പ്രതിഭകളെ പരിചയപ്പെടാൻ അവസരമുണ്ടായി. കരൂപ്പടന്ന ജിദ്ദ കൂട്ടായ്മയുടെ ക്ഷണം സ്വീകരിച്ചാണ് ജിദ്ദയിൽ എത്തിയത്. മലയാളികൾക്കും മലയാള ഭാഷക്കും അഭിമാനമായി ഗൾഫിൽ പത്രമാധ്യമ രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളം ന്യൂസിന്റെ ഓഫീസ് സന്ദർശിക്കാനും ചീഫ് എഡിറ്റർ താരീഖ് മിശ്ഖസിനെയും പത്രങ്ങളിൽ പേര് മാത്രം കണ്ട് പരിചയമുള്ള മലയാളം ന്യൂസിന്റെ ജീവ നാഡികളായ മുസാഫിർ, മായിൻ കുട്ടി, 
സി.ഒ.ടി. അസീസ,് ഉസ്മാൻ കോയ, എ. റഫീഖ് തുടങ്ങിയ സ്റ്റാഫംഗങ്ങളെയും നേരിൽ കണ്ട് പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞത് സന്തോഷകരമായ അനുഭവമായി. ജിദ്ദ കൂട്ടായ്മയുടെ സൗഹൃദ സംഗമത്തിൽ മലയാളം ന്യൂസ് ന്യൂസ് എഡിറ്റർ മുസാഫിറിന്റെ സാന്നിധ്യവും ഏറെ സന്തോഷകരമായി.
ജിദ്ദയിൽ നിന്നും പരിശുദ്ധ മക്കയും മദീനയും മറ്റു ചരിത്രമുറങ്ങുന്ന സ്ഥലങ്ങളും മാണിക്യ മലരായ പൂവി മഹതി ഖദീജ (റ) യുടെ മഖ്ബറയും സിയാറത്ത് ചെയ്യാൻ കഴിഞ്ഞതും വലിയ സൗഭാഗ്യമായി കരുതുന്നു.
ദുബായിലെ കരൂപ്പടന്ന കൂട്ടായ്മയായ വെഡ്മ ജിദ്ദ കരൂപ്പടന്ന കൂട്ടായ്മ റിയാദിൽ ഞാൻ ജോലി ചെയ്യുന്ന അബൂസകി ഗ്രൂപ്പ് റിയാദിലെ കരൂപ്പടന്ന കൂട്ടായ്മയായ സാവ്‌മൊ എന്നീ സംഘടനകളുടെ സ്വീകരണങ്ങൾ സ്വന്തം കുടുംബത്തിലെ സ്‌നേഹ ലാളനങ്ങളുടെ ഊഷ്മളതയാണ് സമ്മാനിച്ചത്.
മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ പൊടി പിടിച്ചു കിടന്നിരുന്ന ഒരു പാട് സൗഹൃദങ്ങൾ പൊടി തട്ടി മിനുക്കിയെടുക്കാൻ ഈ സന്ദർശനങ്ങൾ ഉപകരിച്ചു. കൂടാതെ പുതിയ ഒരു പാട് സൗഹൃദങ്ങളും സ്‌നേഹബന്ധങ്ങളും തളിരണിയുകയും ചെയ്തു.
എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് മാപ്പിളപ്പാട്ട് ആസ്വാദകരുടെ സ്‌നേഹ പ്രകടനങ്ങളാണ്. ചെല്ലുന്നിടത്തെല്ലാം എല്ലാവരും അക്ഷരാർത്ഥത്തിൽ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു. റിയാദിന്റെ പല ഭാഗങ്ങളിൽ നിന്നും ഞാൻ ജോലി ചെയ്യുന്ന കടയിൽ വന്ന് സന്തോഷം പങ്ക് വെക്കുകയും ഫോണിലൂടെയും മറ്റു സോഷ്യൽ മീഡിയകൾ വഴിയായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തവർ നിരവധി. ഇതെല്ലാം ആസ്വദിക്കുമ്പോൾ തന്നെ ഇതിനെല്ലാം ഞാൻ അർഹനാണോ എന്ന് മനസ്സിൽ സ്വയം ചോദിക്കുകയും ചെയ്തു. പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങൾക്ക് മുമ്പിലും മനുഷ്യൻ പലപ്പോഴും പകച്ചു നിൽക്കാറുണ്ട്. പ്രപഞ്ചനാഥന്റെ അത്ഭുത പ്രവർത്തനങ്ങൾക്ക് മുമ്പിൽ വിസ്മയഭരിതരായി നിന്ന് പോകാറുണ്ട്. അത്തരമൊരു അവസ്ഥയിലാണ് ഞാനും ഇപ്പോൾ.
ഏകദേശം നാൽപതു വർഷങ്ങൾക്കു മുമ്പ് എഴുതിയ മാണിക്യ മലരായ പൂവി എന്ന ഗാനം നിമിത്തമായി ഇത്രയും വലിയ അംഗീകാരങ്ങൾക്ക് അർഹനാക്കിയ സർവശക്തനായ റബ്ബിന് സ്തുതിയർപ്പിക്കുന്നു. എല്ലാം നല്ലതിനായിരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ.
 

Latest News