തിരുവനന്തപുരം - ഗവർണർ-സർക്കാർ പോരിൽ സുപ്രധാന തീരുമാനവുമായി മന്ത്രിസഭാ യോഗം. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കാൻ ഓർഡിനൻസ് കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗ തീരുമാനം. നിലവിൽ അതത് സർവ്വകലാശാലാ നിയമം അനുസരിച്ച് ഗവർണർ ആണ് എല്ലാ വാഴ്‌സിറ്റികളുടെയും ചാൻസലർ. ഇത് മാറ്റാനാണ് ഓർഡിനൻസ് ഇറക്കുക. എന്നാൽ സർക്കാറിന്റെ ഈ നീക്കത്തിന് എതിരാണ് പ്രതിപക്ഷം.
ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. സർവ്വകലാശാലകളെ രാഷ്ട്രീയവത്കരിക്കാനാണ് സി.പി.എം നീക്കം. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ മാറിനിൽക്കാമെന്ന് നാലുതവണ കത്ത് നൽകി. അയ്യോ സാറേ പോകല്ലേ എന്ന് പറഞ്ഞ് കാലുപിടിച്ചു. പിന്നെ ധാരണ ഒപ്പിട്ടു. ഗവർണർ പറഞ്ഞ പോലെ മുഖ്യമന്ത്രി കത്ത് എഴുതി കൊടുത്തു. എന്നിട്ട് ഇപ്പോൾ എന്തിനാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റുന്നതെന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. സർക്കാറിന്റെ പുതിയ നീക്കം സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കും. ഗവർണറും സർക്കാരും ചേർന്നാണ് യു.ജി.സി ചട്ടങ്ങൾ അട്ടിമറിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഓരോ സർവ്വകലാശാലകൾക്കും വ്യത്യസ്ത നിയമം ആണെങ്കിലും ഒറ്റ ഓർഡിനൻസിലൂടെ ഇത് മാറ്റാനാണ് പിണറായി സർക്കാർ ശ്രമിക്കുക എന്നറിയുന്നു. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ഓർഡിനൻസിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടേണ്ടതുണ്ട്. ഇത് അനിശ്ചിതമായി വൈകിപ്പിക്കുന്ന പക്ഷം നിയമ പോരാട്ടം കടുപ്പിക്കാനും സർക്കാർ തയ്യാറായേക്കും.
അടുത്ത നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസിനു പകരം ബിൽ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. സർവ്വകലാശാലാ നിയമനങ്ങളെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള പോര് മൂർഛിച്ച സാഹചര്യത്തിൽ ക്ഷണിച്ചുവരുത്തിയതാണീ നടപടിയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പ്രതിപക്ഷം അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതോടെ രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും കത്തുമെന്നുറപ്പ്.