പാലക്കാട് - തീരെ കിട്ടുന്നില്ലല്ലോ, കാണുന്നില്ലല്ലോ എന്ന പരാതി വിവാഹശേഷം പലരെക്കുറിച്ചും കേൾക്കാറുണ്ട്. എന്നാൽ വിവാഹശേഷം അത്തരമൊരു പരിഭവം ഒഴിവാക്കാൻ ഭാര്യയുമായി ഉടമ്പടി ഒപ്പുവയ്ക്കുന്നത് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതാണ് പാലക്കാട് ജില്ലയിലെ യുവമിഥുനങ്ങൾക്കിടയിലെ വിവാഹ ഉടമ്പടി.
വിവാഹശേഷവും രാത്രി ഒൻപത് മണിവരെ പ്രിയതമൻ സുഹൃത്തുക്കൾക്കായി മാറ്റിവയ്ക്കുന്നതിന് സമ്മതമാണെന്നാണ് ഭാര്യ മുദ്രപത്രത്തിൽ ഒപ്പിട്ടുനൽകിയത്. പാലക്കാട് ജില്ലയിലെ കൊടുവായൂർ മലയക്കോട്ടാണ് സംഭവം. മലയക്കോട് വി.എസ് ഭവനിൽ എസ് രഘുവിന്റെയും കാക്കയൂർ വടക്കേപ്പുര വീട്ടിൽ എസ് അർച്ചനയുടെയും വിവാഹത്തിലാണീ കൗതുകമാർന്ന ഉടമ്പടി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. വളരെ ആഹ്ലാദപൂർവ്വം നടന്ന വിവാഹത്തിന് പിന്നാലെ രഘുവിന്റെ കൂട്ടുകാരാണ് ഭാര്യയുടെ സമ്മതപത്രം ലീക്കാക്കിയത്.
'വിവാഹശേഷവും രാത്രി ഒമ്പത് മണി വരെ കൂട്ടൂകാരോടൊപ്പം ചെലവഴിക്കാൻ ഭർത്താവിനെ അനുവദിക്കുമെന്നും അതുവരെ ഫോൺ വിളിച്ച് ശല്യം ചെയ്യില്ലെന്നുമാണ്' 50 രൂപയുടെ മുദ്രപത്രത്തിൽ രഘുവിന്റെ ഭാര്യ അർച്ചന എഴുതി ഒപ്പിട്ടത്. വരന്റെ ചങ്ക് സുഹൃത്തുക്കളാണ് മുദ്രപത്രം വാങ്ങി വധുവിന്റെ അനുമതിയോടെ ഇക്കാര്യം സാധ്യമാക്കിയത്. കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് രഘു. ബാങ്ക് ജോലിക്കുള്ള പരിശീലനത്തിന് പഠിക്കുകയാണ് അർച്ചന.
വിവാഹ ഉടമ്പടിയോടെ നവവധുവരന്മാർ നാട്ടിലെ താരങ്ങളായിരിക്കുകയാണ്. പോസിറ്റീവായി ഇത് ചർച്ച ചെയ്യുമ്പോൾ തന്നെ, ഭർത്താവ് ഇതുപോലൊരു ഉടമ്പടി ഭാര്യയ്ക്കും എഴുതി നല്കുമോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. പല വ്യവഹാരങ്ങളും മുദ്രപത്രത്തിൽ എഴുതാറുണ്ടെന്നും എന്നാൽ, ചങ്ങാത്തത്തിന് പ്രാധാന്യം നൽകുന്ന ഇതുപോലൊരു അനുമതിയിൽ കൗതുകമേറെയുണ്ടെന്നുമാണ് മിക്കവരുടെയും പ്രതികരണം.