തിരുവനന്തപുരം- കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന ഫുട്‌ബോള്‍ ജ്വരത്തന്റെ ആവേശം വെളിവാക്കി കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ കുറുങ്ങാട്ടുകടവിലെ തുരുത്തില്‍ സ്ഥാപിച്ച കട്ടൗട്ടുകളെ പിന്തുണച്ച ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം അംഗീകരിച്ചതിന് നന്ദിയെന്ന് പറഞ്ഞ് ഫിഫയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരണം.
കുറുങ്ങാട്ടുകടവിലെ തുരുത്തില്‍ സ്ഥാപിച്ച ലയണല്‍ മെസ്സിയുടെയും നെയ്മറിന്റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ വൈറലായിരുന്നു. പുള്ളാവൂരിലെ ചെറുപുഴയിലെ തുരുത്തിലാണ് മൂന്ന് താരങ്ങളുടെയും ഭീമന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്.
കട്ടൗട്ട് സ്ഥാപിച്ചതിന്റെ ചിത്രങ്ങള്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയും ഈ കട്ടൗട്ടുകളെ പിന്തുണച്ച് രംഗത്തെത്തിയത്. കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
നിരവധി ആരാധകര്‍ പോസ്റ്റിനടിയില്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. 'ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും' എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രം പങ്കുവെച്ചത്. പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചത് മെസ്സിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചു. കൂട്ടത്തില്‍ ഏറ്റവും വലുത് റൊണാള്‍ഡോയുടേതാണ്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലുപ്പം.
Kerala and Keralites have always loved football and it is on full display with #Qatar2022 around the corner. Thank you @FIFAcom for acknowledging our unmatched passion for the sport. https://t.co/M4ZvRiZUvh
— Pinarayi Vijayan (@pinarayivijayan) November 8, 2022