Sorry, you need to enable JavaScript to visit this website.

32,000 സ്ത്രീകളെ മതം മാറ്റി; കേരള സ്റ്റോറി ടീസറിനെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി

തിരുവനന്തപുരം-കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി ഇറങ്ങാനിരിക്കുന്ന കേരള സ്‌റ്റോറി എന്ന ഹിന്ദി സിനിമക്കെതിരെ കേസെടുക്കും. ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് ഡിജിപിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സിനിമയുടെ ടീസറില്‍ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്നാണ് ഹൈടെക് സെല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് സിനിമയുടെ ടീസറില്‍ ആരോപിക്കുന്നതായി  തമിഴ്‌നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. വ്യാജമായ കാര്യങ്ങള്‍ വസ്തുതയെന്ന പേരില്‍ അവതരിപ്പിക്കുകയാണെന്നും നടപടി വേണമെന്നുമാണ് പരാതിയില്‍     ആവശ്യപ്പെടുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുയാണെന്നും തെറ്റായ വിവരങ്ങള്‍ ശരിയെന്ന രീതിയില്‍ നല്‍കുകയാണെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കേരള സ്‌റ്റോറി. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണമാണ് കേരളത്തിനെതിരെ ചിത്രത്തില്‍ നടത്തുന്നത്. മതംമാറി ഐഎസില്‍ ചേര്‍ന്ന ഒരു യുവതിയുടെ തുറന്നു പറച്ചിലാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന നഴ്‌സാണെന്നും തന്നെ മതം മാറ്റി ഫാത്തിമയാക്കി ഐഎസില്‍ എത്തിച്ചെന്നും ഇപ്പോള്‍  ജയിലിലാണെന്നുമാണ് ടീസറില്‍ പറയുന്നത്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും കേരളത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ നിര്‍മ്മിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

 

 

Latest News