റിയാദ് - മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, രോഗാവധി സര്‍ട്ടിഫിക്കറ്റുകള്‍ പോലെയുള്ള ഇലക്‌ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനു പകരം രോഗികളില്‍ നിന്ന് അധിക ഫീസുകളും പണവും ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
രോഗാവധി സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള ഇലക്‌ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിന് പകരം ഗുണഭോക്താക്കളില്‍ നിന്ന് അധിക ഫീസുകള്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രികളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഏതാനും സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇത്തരം സേവനങ്ങള്‍ക്ക് അധിക ഫീസുകള്‍ ഈടാക്കുന്നതായി കണ്ടെത്തിയ ആശുപത്രികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടരും. ആശുപത്രികളുടെ ഭാഗത്തുള്ള ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് ഗുണഭോക്താക്കള്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.