തിരുവനന്തപുരം- പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കേരള പോലീസിന്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം. കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ അന്വേഷണപരിധി സംബന്ധിച്ച് എതിര്‍ഭാഗം തടസം ഉന്നയിച്ചേക്കാമെന്നാണ് നിയമോപദേശം. അഡ്വക്കേറ്റ് ജനറല്‍ (എ.ജി)യാണ് നിര്‍ണായക നിയമോപദേശം നല്‍കിയത്.
കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്നാണ് എ.ജി. പറയുന്നത്. കേരള പോലീസിന്റെ അന്വേഷണം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും എ.ജി വ്യക്തമാക്കി. കേരള പോലീസിന് ലഭിച്ച ആദ്യ നിയമോപദേശത്തില്‍ രണ്ടുകൂട്ടര്‍ക്കും അന്വേഷിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് ഏജന്‍സികളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എ.ജി അഭിപ്രായപ്പെടുന്നത്.
തമിഴ്‌നാട് പോലീസിന്റെ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. ഗ്രീഷ്മ ഷാരോണിനെ കൊല്ലാനുള്ള ആസൂത്രണം നടത്തുന്നതും വിഷം നല്‍കുന്നതും തമിഴ്‌നാട് പോലീസിന്റെ പരിധിയില്‍ വെച്ചാണ്. കേരളത്തിലാണ് മരണം നടന്നത്. പാറശ്ശാല പോലീസാണ് ആദ്യം കേസന്വേഷണം ആരംഭിച്ചത്.
കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്നതിനെ ഷാരോണിന്റെ കുടുംബം നേരത്തെ ശക്തമായി എതിര്‍ത്തിരുന്നു.