ഹൈദരാബാദ്- ഭര്‍ത്താവ് ശുഐബ് മാലികുമായി വേര്‍പിരിയാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ടെന്നിസ് ഹരം സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് വാര്‍ത്തക്ക് ശക്തി പകരുന്നു.
ദാമ്പത്യം പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന സൂചന തന്നെയാണ് സാനിയയുടൈ കുറിപ്പിലൂടെ പ്രകടമാകുന്നത്. തകര്‍ന്ന ഹൃദയങ്ങള്‍ എവിടെപ്പോകാനാണ്? അല്ലാഹുവിനെ കണ്ടെത്താന്‍... എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സാനിയ കുറിച്ചത്. അവരുടെ ആരാധകരെ ഇത് ഏറെ പ്രയാസത്തിലാക്കി.
ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ കാരണമെന്താണെന്ന് അറിയില്ല. ഒരു ടിവി ഷോയില്‍ സാനിയയെ മോശമാക്കുന്ന രീതിയില്‍ മാലിക് സംസാരിച്ചതാണ് പ്രശ്‌നമെന്നാണ് പാക് മാധ്യമങ്ങള്‍ കരുതുന്നത്. ഇരുവരും വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ താമസമെന്നും മകന്‍ ഇഹ്്‌സാന്റെ കാര്യത്തില്‍ മാത്രമേ ഇരുവരും ഒന്നിച്ചുള്ളുവെന്നും പാക് മാധ്യമങ്ങള്‍ പറയുന്നു.
വാര്‍ത്തകള്‍ പുറത്തുവന്നിട്ടും താരദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2010 ഏപ്രിലിലാണ് സാനിയയും ശുഐബും രാജ്യം ആഘോഷിച്ച ചടങ്ങില്‍ വിവാഹിതരായത്. ദുബായില്‍ മകന്റെ ജന്മദിനം ഇരുവരും ഈയിടെ ആഘോഷിച്ചെങ്കിലും ഇതിന്റെ ചിത്രം മാലിക് മാത്രമേ പങ്കുവെച്ചിരുന്നുള്ളു.