ബാഴ്‌സലോണ ഒരു സമനില ഇത്രമാത്രം മധുരമുള്ളതാവുമോ? ബാഴ്‌സലോണ സ്പാനിഷ് ലീഗും കോപ ഡെൽറേയും നേടിക്കഴിഞ്ഞിരുന്നു. റയൽ മഡ്രീഡ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിനുള്ള ഒരുക്കത്തിലാണ്. കാലം തെറ്റി വന്ന എൽക്ലാസിക്കൊ കാറ്റൊഴിഞ്ഞ ബലൂണാവുമെന്ന് കരുതിയവരെ കുറ്റം പറയാനാവില്ല. പക്ഷെ നൗകാമ്പ് കണ്ടത് ഈ സീസണിലെ തന്നെ ഏറ്റവും ആവേശം നുരഞ്ഞ പോരാട്ടമാണ്. കളിയും കൈയാങ്കളിയും ചുവപ്പ് കാർഡും ഗോളുകളും തുടങ്ങി എല്ലാ ചേരുവകളും ചേർന്ന സ്പാനിഷ് വിരുന്ന്. 2 2 സമനില. ഒരു സമനിലയെ ബാഴ്‌സലോണ ഇത്രമേൽ ഹൃദ്യമായി സ്വീകരിച്ചിട്ടുണ്ടാവില്ല. മൂന്നു കളികൾ കൂടി തോൽക്കാതിരുന്നാൽ അപരാജിതരായി സീസൺ പൂർത്തിയാക്കിയ ആദ്യ ലാ ലിഗ ടീമെന്ന അപൂർവ ബഹുമതിയാണ് അവരെ കാത്തിരിക്കുന്നത്.
അതിനപ്പുറം രണ്ടാം പകുതി മുഴുവൻ പത്തു പേരുമായി അവർ റയലിനെ വിറപ്പിച്ചത് നൗകാമ്പിനെ ഒട്ടൊന്നുമല്ല ത്രസിപ്പിച്ചത്. രണ്ടു തവണ ബാഴ്‌സലോണ മുന്നിലെത്തി. പത്താം മിനിറ്റിൽ ലൂയിസ് സോറസ് ഗോളടിച്ചു. എങ്ങുനിന്നെല്ലാതെ ക്രിസ്റ്റിയാനൊ ഗോൾ മടക്കിയതോടെ റയലിന്റെ താണ്ഡവമായി. നൗകാമ്പിലെ കോട്ട ഏതു നിമിഷവും നിലംപതിക്കുമെന്ന് തോന്നി. കളി പരുക്കനായി. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളിൽ സെർജി റോബർടൊ ഒരൽപം ക്രൂരമായി നേരിട്ട് ചുവപ്പ് കാർഡ് കണ്ടപ്പോൾ ഇത് റയലിന്റെ ഊഴമെന്ന് ആരാധകർ വിധിയെഴുതി.
പക്ഷെ പത്തു പേരുമായി ബാഴ്‌സലോണ ഇരമ്പിക്കയറി. ആൾബലമുണ്ടായിട്ടും റയൽ കളി മറന്നു. നേരിയ പരിക്കുമായി ക്രിസ്റ്റിയാനൊ മടങ്ങിയത് അവരെ തളർത്തി. അമ്പത്തിരണ്ടാം പ്രതിഭയുടെ സ്പർശമുള്ള ഗോളിലൂടെ മെസ്സി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. പിന്നീട് കിട്ടിയ നിരവധി അവസരങ്ങൾ ബാഴ്‌സലോണ തുലച്ചില്ലായിരുന്നുവെങ്കിൽ വിജയവുമായി തന്നെ അവർക്ക് കളം വിടാമായിരുന്നു. സോറസ് വലയിൽ പന്തെത്തിച്ചെങ്കിലും തലനാരിഴക്ക് ഓഫ്‌സൈഡായി. എഴുപത്തിരണ്ടാം മിനിറ്റിൽ ഗാരെത് ബെയ്‌ലിന്റെ കിടിലൻ ഷോട്ടിലൂടെ റയൽ സമനിലയുടെ അഭിമാനം വീണ്ടെടുത്തു. അതോടെ റയൽ വിജയത്തിനായി പൊരുതി. ബാഴ്‌സലോണ ധീരമായി ചെറുത്തു.
എട്ട് മഞ്ഞക്കാർഡ്, ഒരു ചുവപ്പ് കാർഡ്, എണ്ണമറ്റ ഉരസലുകളും പൊട്ടിത്തെറികളും, ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളിൽ ബാഴ്‌സലോണയുടെ നെൽസൺ സമേദൊയുടെ ഡൈവിംഗ് ഹെഡർ അൽപമൊന്ന് ലക്ഷ്യം തെറ്റുന്നതു വരെ കാണികളെ മുൾമുനയിൽ നിർത്തി എൽക്ലാസിക്കൊ.