ജുബൈൽ - ഉംറ വിസ പാസ്‌പോർട്ടിൽ പതിക്കാതെ സാധാരണ പേപ്പറിൽ ഓൺലൈൻ ആയി ഇഷ്യു ചെയ്യുന്ന സംവിധാനം ആരംഭിച്ചതോടെ പുതിയ പ്രതിസന്ധി. പാസ്‌പോർട്ടിലെ ബാർകോഡിനു വ്യക്തത ഇല്ലാത്തതിന്റെ പേരിൽ നൂറോളം പാസ്‌പോർട്ടുകൾ കഴിഞ്ഞ രണ്ട് ദിവസവും മുംബൈയിലെ സൗദി കോൺസൽ ഓഫീസിൽനിന്നും തിരിച്ചയച്ചതായി അക്ബർ ട്രാവൽസ് പബ്ലിക് റിലേഷൻ ഓഫീസർ ജാബിർ ശിവപുരം മലയാളം ന്യൂസിനോട് പറഞ്ഞു.
ബാർകോഡിലെ അക്ഷരങ്ങൾ തെളിയാതെ വരുകയോ മഷി പരക്കുകയോ ചെയ്തതാണ് പല പാസ്‌പോർട്ടുകളിലും വിസ നൽകാൻ കഴിയാത്തത്. പാസ്‌പോർട്ടിലെ ഫോട്ടോ പതിച്ച പേജിന് താഴെയുള്ള ബാർകോഡ് സ്‌കാൻ ചെയ്ത് പാസ്‌പോർട്ടിലെ വിവരങ്ങൾ ശേഖരിച്ചാണ് പുതിയ രീതിയിലുള്ള ഓൺലൈൻ ഉംറ വിസ നൽകുന്നത്.
വിസ ഇൻവിറ്റേഷനിലെ നമ്പർ സഹിതം പാസ്‌പോർട്ടിലെ വിവരങ്ങൾ നൽകി ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന ബാർകോഡ് പ്രിന്റെടുത്ത് പുറം ചട്ടയിൽ ഒട്ടിച്ച ശേഷമായിരുന്നു ഇതിനു മുമ്പ് പാസ്‌പോർട്ട് സമർപ്പിച്ചിരുന്നത്. തൊഴിൽ വിസ, ആശ്രിത വിസ എന്നിവക്ക് ഇപ്പോഴും ഈ രീതിയാണ് തുടരുന്നത്. ഉംറ വിസക്കും ഹജ്ജ് വിസക്കും ഇനി ഈ രീതി തുടരേണ്ടതില്ല. പകരം, ഓൺലൈനിൽ പണമടച്ചു ശേഷം പാസ്‌പോർട്ട് മാത്രം സമർപ്പിച്ചാൽ മതി. എമിഗ്രേഷൻ സമയത്ത് ചെയ്യുന്നത് പോലെ പാസ്‌പോർട്ട് പ്രത്യേക സ്‌കാനറിൽ ഉരസി വിവരങ്ങൾ എടുക്കും. തുടർന്ന് ഓൺലൈൻ ആയി വിസ നൽകും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മുംബൈയിലെ സൗദി കോൺസൽ ജനറൽ സാദ് സാഫർ അൽ ഗർണി കഴിഞ്ഞ ദിവസം സർക്കുലർ പുറപ്പെടുവിച്ചു. ഇക്കാര്യം മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഓൺലൈൻ ആയി പണമടച്ചശേഷം സമർപ്പിക്കുന്നതിനാൽ ഇത്തരത്തിൽ നിരസിക്കപ്പെട്ട വിസകളുടെ അപേക്ഷ ഇനത്തിൽ നല്ലൊരു സംഖ്യ പല ട്രാവൽ ഏജൻസികൾക്കും നഷ്ടമായതായി ജാബിർ പറഞ്ഞു. ഇന്ത്യൻ പാസ്‌പോർട്ടുകളുടെ ഗുണനിലവാരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ ട്രാവൽ ഏജൻസികൾ അധികൃതരെ ഉടൻ സമീപിക്കും.
ഉംറ, ഹജ് വിസകൾക്കായി അപേക്ഷ സമർപ്പിക്കുന്നവർ അവരവരുടെ പാസ്‌പോർട്ടിൽ വിവരങ്ങൾ ശരിയായി രേഖപെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പ്രശ്ങ്ങൾ ഒഴിവാക്കാനുള്ള എളുപ്പവഴി. അച്ചടിച്ച വിവരങ്ങൾ വായിക്കാൻ കഴിയാത്തവിധം വികൃതമായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ പുതിയ പാസ്‌പോർട്ട് ആവശ്യപ്പെടാവുന്നതാണ്. പാസ്‌പോർട്ടിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി ഉടനെ പാസ്‌പോർട്ട് മാറ്റിവാങ്ങണം.