ആലുവ- 'താമരാക്ഷന്‍ പിള്ള' യുടെ കല്യാണ ഓട്ടം ഒടുക്കം ആനവണ്ടിക്ക് പൊല്ലാപ്പായി. പറക്കുംതളിക സിനിമയിലെ രംഗം ദൃശ്യവത്കരിച്ച് വാഴയും തെങ്ങോലയും മരച്ചില്ലകളും കൊണ്ട് അലങ്കരിച്ച് കാടിളക്കിയായിരുന്നു ബസിന്റെ പോക്ക്. മുന്‍പില്‍ താമരാക്ഷന്‍ പിള്ളയെന്നെഴുതിയ ഫ്ളക്സും ഒട്ടിച്ചിരുന്നു. കോതമംഗലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് വാടകയ്ക്ക് നല്‍കിയ ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ഇത്. സംഭവം വൈറലായതിനു പിന്നാലെ നിയമ ലംഘനത്തിന് വാഹനവകുപ്പ് കേസെടുക്കുകയും യാത്രയ്ക്കിടയില്‍ തന്നെ അലങ്കാരങ്ങള്‍ അഴിച്ചുമാറ്റിക്കുകയും ചെയ്തു.
പറക്കുംതളിക... ഇതുമനുഷ്യരെ കറക്കുംതളികയെന്ന പാട്ടുംവെച്ചായിരുന്നു ബസിന്റെ യാത്ര. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വിവാദം പുകഞ്ഞു. വടക്കാഞ്ചേരി അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ കര്‍ശന നിയമ നടപടിയെടുത്ത ഗതാഗത വകുപ്പ് കെ.എസ്.ആര്‍.ടി.സി.യുടെ നിയമ ലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു വിമര്‍ശനം. ഇതോടെയാണ് ഗതാഗത വകുപ്പ് ഇടപെട്ട് നിയമ ലംഘനത്തിന്‌േെ കസടുത്തത്.
നെല്ലിക്കുഴി കനാല്‍പ്പാലത്തില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് ബസ് ഇരുമ്പുപാലത്തിനു പുറപ്പെട്ടത്. പുറപ്പെടും മുമ്പ് നെല്ലിക്കുഴി കവലയിലും കനാല്‍പ്പാലത്തും അര്‍ജന്റീന, ബ്രസീല്‍ ആരാധകരായ ഒരു സംഘം യുവാക്കള്‍ കൊടി തോരണങ്ങളേന്തി ആട്ടവും പാട്ടവും സംഘടിപ്പിച്ചിരുന്നു. ബസ് നേര്യമംഗലത്തിനു സമീപം തലക്കോട് എത്തിയപ്പോഴാണ് ഗതാഗത വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അലങ്കാരങ്ങള്‍ അഴിച്ചുമാറ്റിയത്.
ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന്റെ ഇടതുവശത്ത് ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധമായിരുന്നു അലങ്കാരങ്ങള്‍. വശങ്ങളിലെ ചമയങ്ങള്‍ പുറത്തേക്ക് തള്ളിനില്‍ക്കും വിധത്തിലായിരുന്നുവെന്നും കേസെടുത്ത ജോയിന്റ് ആര്‍.ടി.ഒ. ഷോ വര്‍ഗീസ് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് രമേശ് എന്നയാളാണ് കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്നാണ് കെ.എസ്.ആര്‍.ടി.സി. പറയുന്നത്.
വൈകീട്ടോടെ കോതമംഗലം ജോയിന്റ് ആര്‍.ടി.ഒ. ഷോയ് വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ കെ.എസ്.ആര്‍.ടി.സി. കോതമംഗലം ഡിപ്പോയില്‍ എത്തി ബസ് പരിശോധിച്ച് കേസെടുത്തു. ഡ്രൈവര്‍ നെല്ലിക്കുഴി സ്വദേശി റഷീദിനോട് വിശദീകരണവും തേടി.