കൊല്ലം - തട്ടുകടകൾ തൊട്ട് ചെറുതും വലുതുമായ പല നിലവാരത്തിലുള്ള ഹോട്ടലുകളിൽ നാം ഭക്ഷണം കഴിച്ചിട്ടുണ്ടാവും. എന്നാൽ വിമാനം കൊണ്ടുള്ള അത്യാധുനിക ഹോട്ടലിൽ ഭക്ഷണം കഴിച്ചിട്ടുണ്ടോ? സാധ്യത നന്നേ കുറവാണ്. അതേ, അതിനാണീ ട്രെയ്‌ലറിലുള്ള വിമാന സഞ്ചാരം.
ഉപയോഗശൂന്യമായ വിമാനം ആന്ധ്രാപ്രദേശിലെ ഒരു സ്വകാര്യ കമ്പനിക്കായി ഒരു വ്യവസായി വിലയ്‌ക്കെടുക്കുകയായിരുന്നു. വിമാന ഭാഗങ്ങൾ ഉപയോഗിച്ച് ആന്ധ്രയിൽ വൻ വിമാന ഹോട്ടൽ പണിയുകയാണ് ലക്ഷ്യം. വിമാനത്തിന്റെ ചിറകുഭാഗം വേർപ്പെടുത്തിയാണ് ട്രെയിലറിലുള്ള വിമാന യാത്ര. തിരുവനന്തപുരത്തുനിന്നും ഹൈദരാബാദ് ലക്ഷ്യമാക്കിയുള്ള യാത്രയിൽ വഴിനീളേ വിമാനം കാണാനായി ആളുകളുടെ ഒഴുക്കാണ്.
പകൽ സമയം വിശ്രമവും രാത്രിസമയങ്ങളിൽ യാത്രയുമായതിനാൽ വിമാനം നിർത്തിയിടുന്ന സ്ഥലങ്ങളിലെല്ലാം തിരക്കോട് തിരക്കാണ്. വിമാനവുമായി പോകുന്ന കൂറ്റൻ ട്രെയിലർ ഇന്നലെ കൊല്ലം നീരാവിൽ നിർത്തിയിട്ടതറിഞ്ഞ് ജനങ്ങൾ അവിടേക്ക് ഒഴുകുകയായിരുന്നു. കുരീപ്പുഴയിൽ വിമാനമിറങ്ങിയെന്ന് പറഞ്ഞ് കൗതുകക്കാഴ്ച കാണാൻ ടോൾ പ്ലാസയ്ക്കു സമീപത്തേക്ക് പലയിടത്തുനിന്നും ആളുകളെത്തി. ബൈപ്പാസ് വഴി വാഹനങ്ങളിൽ വന്നവരും വിമാനം കാണാനായി വാഹനം നിർത്തി സമയം ചെലവിട്ടതോടെ ഗതാഗത തടസ്സമുണ്ടായി. ഉടനെ പോലീസെത്തി ഇടപെട്ടതിനാൽ വൻ് കുരുക്കാണ് ഒഴിവായത്. ഫോട്ടോ എടുക്കാനും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്താനും സെൽഫിയെടുക്കാനും തിരക്കായതോടെ പോലീസും വലഞ്ഞു. ട്രെയിലർ െ്രെഡവർമാരെ വിമാനത്തിന്റെ പൈലറ്റാക്കിയും ചിലർ ഫോട്ടോസെഷൻ കൊഴുപ്പിച്ചു. അതിനിടെ ട്രെയിലറിന്റെ ടയർ പഞ്ചറായത് നന്നാക്കാൻ തൊഴിലാളികളോടൊപ്പം നാട്ടുകാരും ചേർന്നതോടെ വിമാനവിരുന്ന് ഗംഭീരമായി.