കോഴിക്കോട്- പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു വിനീഷ്. ഇയാള്‍ കുതിരവട്ടത്ത് നിന്ന് ഓഗസ്റ്റില്‍ തടവ് ചാടിയിരുന്നു.
നേരത്തേ സബ് ജയിലിലായിരുന്ന വിനീഷ് അവിടെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ വിനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.
സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയത് അഴിച്ചു മാറ്റാന്‍ അഗ്‌നിരക്ഷാ സേന സെല്ലില്‍ എത്തിയപ്പോള്‍ സെല്‍ തുറന്ന സമയത്ത് ഇയാള്‍ ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നു.
ജൂണ്‍ പതിനേഴിനാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ വിനീഷ് ദൃശ്യയെ കൊലപ്പെടുത്തുന്നത്. കുഴന്തറയിലെ ചെമ്മാട്ടു വീട്ടില്‍ ബാലചന്ദ്രന്റെ മകളാണ് ദൃശ്യ.