Sorry, you need to enable JavaScript to visit this website.

മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ട് വിവാദത്തില്‍ വഴിത്തിരിവ്

കോഴിക്കോട്-പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍.
അഭിഭാഷകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കട്ടൗട്ടുകള്‍ നീക്കാന്‍ ചാത്തമംഗലം പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുഴയും പുഴയോരവും കൊടുവള്ളി മുനിസിപ്പാലിറ്റിക്ക് കീഴിലാണെന്ന വിശദീകരണവുമായി നഗരസഭാ ചെയര്‍മാനും രംഗത്തുവന്നു.
പുഴ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലാണെന്നും ഇരുകരകളിലുമുള്ള പുറമ്പോക്ക് കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ ആസ്തിയില്‍ പെട്ടതാണെന്നും ചെയര്‍മാന്‍ വെള്ളറ അബ്ദു പറഞ്ഞു. കട്ടൗട്ടുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരിശോധനയില്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ല. മാത്രമല്ല, നദിക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ല. മുനിസിപ്പാലിറ്റി പൂര്‍ണമായും കളിക്കാരുടെ ആവേശത്തിനും വികാരത്തിനും ഒപ്പമാണ്. കൊടുവള്ളിയിലെ ലൈറ്റിനിങ് ക്ലബ്ബിന്റെയും മറ്റും സഹകരണത്തോടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനും കൊടുവള്ളി മാര്‍ക്കറ്റ് അലങ്കരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ചെറുപുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദ്ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയില്‍ മെസിയുടെയും നെയ്മറിന്റെയും  കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ വ്യക്തമാക്കി. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു നോട്ടീസും നല്‍കിയിട്ടില്ല-ഗഫൂര്‍ പറഞ്ഞു.

 

Latest News