Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ  സൈക്കിൾ ഷെയറിംഗ് പദ്ധതി

കൊച്ചി - കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സൈക്കിൾ ഷെയറിംഗ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ആതീസ് സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആക്‌സിസ് ബാങ്ക് കൊച്ചി വൺ കാർഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ജൂണിൽ പരിസ്ഥിതി ദിനത്തിൽ നഗരത്തിലെ യാത്രക്കാർക്കായി കെ.എം.ആർ.എൽ സൗജന്യ സൈക്കിൾ സവാരി പദ്ധതി തുടങ്ങിയിരുന്നു. തുടർന്നാണ് പദ്ധതി മെട്രോ സ്‌റ്റേഷനുകളിലേക്ക് വ്യാപിപിക്കുന്നത്. 
ഇന്ന് രാവിലെ 8.30ന് എം.ജി റോഡ് മെട്രോ സ്‌റ്റേഷന്റെ പാർക്കിങ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനം ചെയ്യും. ആതീസ് സൈക്കിൾ ക്ലബ്ബ് സ്ഥാപകൻ എം.എസ് അതിരൂപ്, സി.പി.പി.ആർ ചെയർമാൻ ധനുരാജ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. 
ആദ്യ ഘട്ടത്തിൽ എം.ജി റോഡ് മുതൽ ഇടപ്പള്ളി വരെയുള്ള എട്ടു സ്റ്റേഷനുകളിലായിരിക്കും സൈക്കിൾ സവാരി സംവിധാനമുണ്ടാവുക. എട്ടു സ്റ്റേഷനുകളിലായി അമ്പത് സൈക്കിളുകളാണുള്ളത്. പദ്ധതി പിന്നീട് മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ആതീസ് സൈക്കിൾ ക്ലബ്ബിൽ  രജിസ്റ്റർ ചെയ്യുന്ന യാത്രക്കാർക്ക് ഒരു മാസം നൂറ് മണിക്കൂറോളം സൈക്കിളിൽ സൗജന്യ സവാരി നടത്താം. പിന്നീടുള്ള യാത്രയ്ക്ക് കുറഞ്ഞ നിരക്ക് മാത്രം ഈടാക്കും. സൈക്കിളിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്ക് മെട്രോ ടിക്കറ്റിലുൾപ്പെടെ ഇളവുകൾ നൽകുന്ന കാര്യവും കെ.എം.ആർ.എല്ലിന്റെ പരിഗണനയിലുണ്ട്. 
പദ്ധതിയുടെ പരീക്ഷണമെന്ന നിലയിൽ കെ.എം.ആർ.എൽ കലൂർ ബസ് സ്റ്റാന്റ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, നോർത്ത് പാലം, മേനക ഷൺമുഖം റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയ സൈക്കിൾ ഷെയറിംഗ് പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങൾ എന്ന പരിഗണനയിലാണ് നാലു സ്ഥലങ്ങളിൽ പരീക്ഷ പദ്ധതി തുടങ്ങിയത്. നാലിടങ്ങളിലായി 30 സൈക്കിളുകളാണ് ഉണ്ടായിരുന്നത്. മെട്രോയിലെത്തുന്ന യാത്രക്കാർക്ക് തുടർ യാത്ര സൗകര്യപ്രദമാക്കാൻ കൂടിയാണ് മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പദ്ധതി വ്യാപിപ്പിക്കാൻ കെ.എം.ആർ.എൽ തീരുമാനിച്ചത്. പഴയ സൈക്കിളുകളാണ് പരീക്ഷണ ഘട്ടത്തിൽ ഉപയോഗിച്ചിരുന്നത്. ഏറ്റവും പുതിയ സൈക്കിളുകളായിരിക്കും മെട്രോ സ്റ്റേഷനുകളിലെ സവാരിക്കുണ്ടാവുക. 
ആതീസ് സൈക്കിൾ ക്ലബിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്താണ് സൈക്കിളുകൾ വാടകക്ക് എടുക്കേണ്ടത്. സ്ഥിരമായി ഉപയോഗപ്പെടുത്താവുന്ന രജിസ്‌ട്രേഷനാണിത്.  സൈക്കിൾ വാടകക്ക് എടുക്കുന്നതിന് RackCode<Space>Bicycle ID  എന്ന ഫോർമാറ്റിൽ  96455  11155 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യണം. റിട്ടേൺ ചെയ്യുന്നതിന് ഇതേ രീതിയിൽ 97440 11777 എന്ന നമ്പറിലേക്കും മെസേജ് അയക്കുകയാണ് ചെയ്യേണ്ടത്. മെമ്പർഷിപ്പ് എടുക്കുന്നതിന് 96455 11155 എന്ന നമ്പറിലേക്ക് പേര്, വിലാസം, ഇമെയിൽ ഐ.ഡി, ജോലി എന്നിവ എസ്.എം.എസ് അയക്കാം.  
സവാരിക്കായി എസ്.എം.എസ് ലഭിച്ച ആൾക്ക് മാത്രമേ സൈക്കിളിന്റെ ലോക്ക് തുറക്കാനുള്ള കോഡ് ലഭിക്കുകയുള്ളൂവെന്നതിനാൽ സൈക്കിൾ മോഷ്ടിക്കാനോ ദുരുപയോഗം ചെയ്യാനോ സാധിക്കില്ല. 
ഉപയോഗത്തിനിടെ സൈക്കിളിന് കേടുപാട് സംഭവിച്ചാൽ നഷ്ടപരിഹാരം ഈടാക്കും. സൈക്കിൾ കൃത്യമായി പരിപാലിക്കേണ്ട ചുമതല വാടകക്കെടുത്ത ആൾക്കാണ്. 
ആവശ്യം കഴിഞ്ഞാൽ അതത് റാക്കുകളിൽ തന്നെ സൈക്കിൾ തിരിച്ചേൽപിക്കണം. സൈക്കിൾ ക്ലബ് മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലായെങ്കിൽ രജിസ്‌ട്രേഷനും റദ്ദാക്കും. ഏത് റാക്കിൽനിന്ന് എടുത്ത സൈക്കിളായാലും ഇഷ്ടമുള്ള മറ്റൊരു റാക്കിൽ തിരിച്ചേൽപിക്കാനുള്ള സൗകര്യവുമുണ്ട്.

 

Latest News