കോഴിക്കോട് - ഹയർ സെക്കണ്ടറി ഒന്നാം വർഷ ക്ലാസ് നേരത്തെ തുടങ്ങുന്നു. സി.ബി.എസ്.ഇ പത്താം തരം കഴിഞ്ഞവർക്ക് കേരള ഹയർ സെക്കണ്ടറിയിൽ പ്രവേശനം ദുഷ്‌കരം. ഗൾഫ് നാടുകളിൽ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പത്താം തരം കഴിഞ്ഞ് പ്ലസ് ടുവിന് കേരള സ്‌കൂളുകളിലേക്ക് മാറാനൊരുങ്ങുന്ന മലയാളി വിദ്യാർഥികൾ ഈ വർഷം നന്നെ വിയർക്കും. സംസ്ഥാനത്ത് ഹയർ സെക്കണ്ടറി ക്ലാസുകൾ ജൂൺ 13 ന് ആരംഭിക്കുകയാണ്.
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 18 ആണ്. സി.ബി.എസ്.ഇ പത്താം തരം ഫലം മേയിൽ ഉണ്ടാവുമോ എന്ന് പോലും അറിവായിട്ടില്ല. സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ഫലം മെയ് 28 ന് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമേ പത്തിലെ ഫലം വരികയുള്ളൂ.
സംസ്ഥാനത്താണെങ്കിൽ മെയ് മൂന്നിന് പത്താം തരം ഫലം പ്രസിദ്ധീകരിക്കുകയുണ്ടായി. സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിലും പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കുകയാണ്. മെയ് ഒമ്പതു മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷക്കൊപ്പം പത്താം തരം ഫലത്തിന്റെ ഡൗൺലോഡ് പകർപ്പ് വെച്ചാൽ മതി. ട്രയൽ അലോട്ട്‌മെന്റ് മെയ് 25നും ഒന്ന്, രണ്ട് അലോട്ടുമെന്റുകൾ യഥാക്രമം ജൂൺ 1, 11 തീയതികളിലുമാണ്. ജൂൺ 13 ന് ക്ലാസ് ആരംഭിക്കുമെന്നാണ് ഡയറക്ടറേറ്റ് അറിയിച്ചത്. ജൂൺ 21 ന് സപ്ലിമെന്ററി അലോട്ട്‌മെന്റുണ്ടാവും. അതിൽ മാത്രമേ സി.ബി.എസ്.ഇക്കാരെ പരിഗണിക്കാനാവൂ. കമ്യൂണിറ്റി മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അഡ്മിഷനും ജൂൺ 13 ന് മുമ്പ് പൂർത്തിയാക്കേണ്ടി വരും.
പത്താം തരം വരെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിച്ച 40,000 പേർ ഓരോ വർഷവും പ്ലസ് വണിന് പൊതുവിദ്യാലയങ്ങളിൽ ചേരുന്നുണ്ട്. സി.ബി.എസ്.ഇ പിന്തുടരുന്ന എസ്. സി.ഇ.ആർ.ടി പുസ്തകങ്ങളാണ് ഹയർ സെക്കണ്ടറിയിൽ പൊതു വിദ്യാലയങ്ങളും സ്വീകരിക്കുന്നതെന്നതിനാൽ മറ്റു സിലബസുകൾക്ക് പ്രയാസമില്ല. സി.ബി.എസ്.ഇയെ അപേക്ഷിച്ച് മാർക്ക് കൂടുതൽ ലഭിക്കുമെന്നതും സംസ്ഥാനത്തെ എൻജിനീയറിംഗ് പ്രവേശനത്തിന് പ്ലസ് ടുവിന്റെ മാർക്ക് പരിഗണിക്കുന്നുവെന്നതുമാണ് പൊതുവിദ്യാലയത്തിലേക്കുള്ള ഒഴുക്കിന് കാരണം. പത്താം തരം വരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗം ശുഷ്‌കമായിപ്പോകുന്നു.
മുൻ വർഷങ്ങളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിരുന്നത് ജൂലൈ രണ്ടാം വാരത്തിലാണ്. സി.ബി.എസ്.ഇക്കാർക്ക് കൂടി അപേക്ഷ നൽകാൻ അവസരം നൽകുംവിധം ഹയർ സെക്കണ്ടറി പ്രവേശന നടപടികൾ സംവിധാനിക്കാറുണ്ട്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പ്രവേശന തീയതികൾ പുതുക്കിയത് കോടതിയുടെയും ബാലാവകാശ കമ്മീഷന്റെയും ഇടപെടലിനെ തുടർന്നാണ്. ഈ വർഷവും വിദ്യാർഥികൾ കോടതിയെ സമീപിക്കുമെങ്കിലും സി.ബി.എസ്.ഇയുടെ പത്താം തരം ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് പറയാനാകാത്തത് പ്രശ്‌നമാണ്.
മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷക്കുള്ള തയാറെടുപ്പ് കൂടി പരിഗണിച്ചാണ് ഗൾഫ് നാടുകളിൽനിന്നുള്ള മലയാളി വിദ്യാർഥികൾ പഠനം കേരളത്തിലേക്ക് മാറ്റുന്നത്. മികച്ച വിദ്യാലയങ്ങളിൽ പ്രവേശനം കിട്ടാതാകുന്നതോടെ സംസ്ഥാനത്തെ സി.ബി.എസ്.ഇ വിദ്യാലയങ്ങളെ ആശ്രയിക്കാൻ ഇവർ നിർബന്ധിതരാകും. അതാകട്ടെ സി.ബി.എസ്.ഇ സ്വകാര്യ വിദ്യാലയങ്ങൾക്ക് തുണയാകും.