ഗുരുവായൂർ - വിവാഹത്തിന് വരനെത്തിയത് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി. കോയമ്പത്തൂരിൽ നിന്നുള്ള വരനാണ് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഗുരുവായൂരിലെത്തിയത്. വരനൊപ്പം അഞ്ചു കൂട്ടുകാരും സൈക്കിളിൽ അനുഗമിച്ചു.
കോയമ്പത്തൂർ തൊണ്ടമൂത്തൂർ സ്വദേശി സെന്തിൾ രാമന്റെയും ജ്യോതിമണിയുടെയും മകൻ ശിവസൂര്യനാണ് (28) തന്റെ വിവാഹത്തിന് സൈക്കിൾ ചവിട്ടി കൗതുകം പകർന്നത്. കണ്ണൂർ പാനൂരിലെ സത്യന്റെ മകൾ അഞ്ജനയാണ് വധു. ഇരുവരും ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ എൻജിനീയർമാരാണ്. രണ്ടുവർഷമായുള്ള പ്രണയമാണ് ഇന്ന് ഗുരുവായൂരമ്പലത്തിൽ മിന്നുകെട്ടിലൂടെ പൂവണിഞ്ഞത്.
'റൈഡ് ടു മാര്യേജ് കോയമ്പത്തൂർ ടു ഗുരുവായൂർ' എന്നെഴുതിയ ബോർഡ് വച്ചായിരുന്നു സൈക്കിൾ യാത്ര. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് കോയമ്പത്തൂരിൽനിന്ന് യാത്ര തിരിച്ചതെന്ന് വരൻ ശിവസൂര്യൻ പറഞ്ഞു. ഗുരുവായൂരിൽ എത്തുമ്പോൾ വൈകീട്ട് അഞ്ച് കഴിഞ്ഞിരുന്നു. ബന്ധുക്കളും വധുവിന്റെ വീട്ടുകാരും രാത്രിയോടെ എത്തിയെന്നും പറഞ്ഞു. വൈകീട്ട് തിരിച്ചും തങ്ങൾ സൈക്കിളിൽത്തന്നെ കോയമ്പത്തൂരിലേക്ക് തിരിക്കുമെന്ന് ശിവസൂര്യനും സുഹൃത്തുക്കളും വധുവിനെയും ബന്ധുക്കളെയും അറിയിച്ചു. അവർ നിറഞ്ഞ സമ്മതവും നൽകി. പിന്നാലെ വധുവും ബന്ധുക്കളും കാറിൽ കോയമ്പത്തൂരിലേക്ക് തിരിക്കും.