തിരുവനന്തപുരം - കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരിയെ പിടിച്ചുകെട്ടാനാവാതെ ഭരണകക്ഷി സംഘടനകൾ. തങ്ങളുടെ നിർദ്ദേശം അംഗീകരിക്കാത്ത ആരേയും കെ.എസ്.ആർ.ടി.സി ആസ്ഥാനത്തിരിക്കാൻ അനുവദിക്കാത്ത സി.ഐ.ടി.യുവും പത്തി താഴ്ത്തിയിരിക്കയാണ്. തച്ചങ്കരിയും സി.ഐ.ടി.യു യൂണിയൻ നേതാക്കളും തമ്മിലുള്ള ഉരസൽ തുടങ്ങി. ഏത് എം.ഡി വന്നാലും തങ്ങളുടെ ഇംഗിതത്തിനൊത്ത് നിന്നില്ലെങ്കിൽ പുകച്ച് പുറത്തുചാടിപ്പിക്കും എന്ന സി.ഐ.ടി.യു അജണ്ട പുതിയ എംഡിക്കെതിരെയും തുടങ്ങി. പതിവുപോലെ ടോമിൻ ജെ.തച്ചങ്കരി എം.ഡി സ്ഥാനം ഏറ്റെടുത്ത് ഒട്ടും താമസിയാതെ പരാതിയുമായി യൂനിയൻ നേതാക്കൾ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചില്ല.
ഇടതു യൂണിയൻ നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് സ്ഥലം മാറ്റം നൽകാൻ തയാറാകാത്ത എം.ഡിമാരെ കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് ഇടതു യൂണിയൻ വാഴിക്കാറില്ല. തച്ചങ്കരി ചുമതലയേറ്റെടുത്തപ്പോഴും യൂണിയന്റെ പ്രധാന ആവശ്യം ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ചായിരുന്നു. മുൻ എം.ഡിമാരായിരുന്ന രാജമാണിക്യവും ഹേമചന്ദ്രനും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയവരെ തിരികെ കൊണ്ടുവരണമെന്നായിരുന്നു പ്രധാന ആവശ്യം. ഈ ആവശ്യം തച്ചങ്കരി നിരസിക്കുകയും മുൻഗണനാക്രമം നോക്കി ജീവനക്കാർ കുറവുള്ള മലബാർ മേഖലകളിലേക്ക് കൂടുതൽ ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു.
കാട്ടാക്കട ഡിപ്പോയിൽനിന്നു സി. ഐ.ടി.യു യൂണിയനിൽപെട്ട ഡ്രൈവർമാർ കൂട്ടത്തോടെ മലബാർ മേഖലകളിലേക്ക് പോകേണ്ടതായി വന്നു. ഡിപ്പോയിൽ ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലെന്നും റിമോട്ട് ഉപയോഗിച്ച് ബസ് ഓടിക്കാൻ കഴിയില്ലെന്നും പറഞ്ഞ് നേതാക്കൾ എം.ഡിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. ആവലാതി പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചു. സമയം അനുവദിക്കാത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നു.
യൂണിയന് ഇടിവെട്ടേറ്റതുപോലെ 120 ഡ്യൂട്ടി നോക്കാത്ത 141 ജീവനക്കാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ട് എം.ഡി ഉത്തരവിറക്കി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോടതി ഉത്തരവ് ഇറങ്ങി ഒരു വർഷമായിട്ടും സി.ഐ.ടി.യുവിന്റെ സമ്മർദ്ദം കാരണം നടപ്പാക്കിയില്ല.
പിരിച്ചുവിട്ടവരിൽ അധികവും സി.ഐ.ടി.യു യൂണിയനിൽ പെട്ടവരായിരുന്നു. സുപ്രീം കോടതി ഉത്തരവ് പുറത്തിറങ്ങിയ സമയത്ത് പിരിച്ചുവിട്ട ജീവനക്കാരെ യൂണിയൻ ആശ്വസിപ്പിച്ചിരുന്നത് തങ്ങളുടെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ പുനർനിയമനം നൽകുമെന്നായിരുന്നു. ഇതിലേയ്ക്കായി ചിലരിൽനിന്ന് പണപ്പിരിവും നടത്തി. സുപ്രീം കോടതിയിൽ റിവ്യൂ ഹരജി പോലും നൽകാതെ യൂണിയന്റെ വാക്കു വിശ്വസിച്ചവർ ഇപ്പോൾ വഴിയാധാരമാവുകയും ചെയ്തു. ഇതിനിടയിൽ അദർ ഡ്യൂട്ടി നോക്കി ഒരേ ഓഫീസിൽ ജോലി നോക്കിയിരുന്നവരെയും സ്ഥലം മാറ്റി. ഇതിൽ കൂടുതലും ഇടത് യൂണിയൻ നേതാക്കളായിരുന്നു. ഇതോടെ തങ്ങളോട് ആലോചിക്കാതെ കൂട്ട പിരിച്ചുവിടലും സ്ഥലംമാറ്റവും നടത്തുന്ന എം.ഡിക്കെതിരെ സി.ഐ.ടി.യുവിന്റെ നീക്കത്തിന് ആക്കം കൂടിയിട്ടുണ്ട്.