തിരുവനന്തപുരം- തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇത്തരമൊരു കത്ത് ജില്ലാ സെക്രട്ടറിയായ തനിക്ക് കിട്ടിയിട്ടില്ല. ആ കത്ത് വ്യാജമാ്‌ണോ എന്നൊന്നും അറിയില്ല. ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു .ഊഹാപോഹത്തിലേക്ക് താന്‍ കടക്കുന്നില്ല. അത് മാധ്യമങ്ങള്‍ നടത്തുന്നുണ്ടല്ലോ. മേയറുടേയും ഡി ആര്‍ അനിലിന്റേയും കത്തു ലഭിച്ചിട്ടില്ല. കത്ത് എങ്ങനെ പുറത്തുവന്നു എന്നതല്ല, അതിലെ വസ്തുതയാണ് പരിശോധിക്കുന്നത്. വസ്തുതയാണെങ്കില്‍ പുറത്തു വന്നാല്‍ എന്താണ് കുഴപ്പം. അതു നോക്കട്ടെ. പരിശോധിച്ചശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും.
ഇത്തരത്തിലൊരു കത്തു തയ്യാറാക്കിയിട്ടില്ലെന്നും, വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശദീകരണം നല്‍കിയതായി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കാന്‍ മേയര്‍ക്ക് അവകാശമുണ്ട്. പൊലീസ് അന്വേഷിക്കട്ടെ. കത്തു വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കാന്‍ ഒരുപാട് ശ്രമം നടത്തുന്നുണ്ട്. അങ്ങനെ നിങ്ങള്‍ പറഞ്ഞതെല്ലാം നാണക്കേടാണെങ്കില്‍ ഞങ്ങള്‍ എന്നേ ഇല്ലാതാകുമായിരുന്നു. വസ്തുക കണ്ടെത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ നിയമനവും നടത്തിയിട്ടില്ല. മേയര്‍ രാജിവെക്കേണ്ടതില്ലെന്നും, പ്രതിപക്ഷമല്ല നാട്ടുകാരാണ് മേയറെ തെരഞ്ഞെടുത്തതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.